മനുഷ്യജീവിതത്തിലെ ഒട്ടുമിക്ക മേഖലകളിലും റോബട്ടുകൾ അവയുടെ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. തുടക്കത്തിൽ അല്പം പിന്നിലായിരുന്നെങ്കിലും ഇന്ത്യയിലും ഇപ്പോൾ ഈ രംഗത്ത് ധാരാളം ഗവേഷണങ്ങൾ നടക്കുന്നുണ്ട്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് രാധ.
വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരോട് വിമാനസമയത്തെക്കുറിച്ചു പറയുകയും അവരുടെ ബോർഡിംഗ് പാസുകൾ സ്കാൻ ചെയ്യുകയുമൊക്കെ ചെയ്യുന്ന ഒരു റോബട്ടാണ് രാധ. വിസ്താര എയർലൈൻസാണ് ഇന്ത്യയിൽ ആദ്യമായി ഇത്തരത്തിലൊരു റോബട്ടിനെ അവതരിപ്പിക്കുന്നത്. ഡൽഹി എയർപോർട്ടിലെ മൂന്നാം ടെർമിനലിൽ ജൂലൈ അഞ്ചു മുതൽ രാധയുടെ സേവനം ലഭ്യമാകും.
വിസ്താരയുടെ ഇന്നവേഷൻ ഇനിഷ്യേറ്റീവിന്റെ ഭാഗമായി ടാറ്റയുടെ ഇന്നവേഷൻ ലാബിലെ എൻജിനിയർമാരാണ് രാധയെ നിർമിച്ചിരിക്കുന്നത്.
360 ഡിഗ്രി തിരിയാൻ കഴിയുന്ന നാലു ചക്രങ്ങളോടുകൂടിയ റോബട്ടാണ് രാധ. ഉള്ളിൽ സ്ഥാപിച്ചിരിക്കുന്ന കാമറകളും ശബ്ദസാങ്കേതികതയും യാത്രക്കാരുമായി സംസാരിക്കാൻ രാധയെ സഹായിക്കും. മുൻ നിശ്ചയിച്ചിരിക്കുന്ന വഴികളിലൂടെ സഞ്ചരിക്കാനും കാലാവസ്ഥയെക്കുറിച്ച് വിവരങ്ങൾ നല്കാനുമൊക്കെ രാധയ്ക്കാകും.