വെള്ളിക്കുളങ്ങര: എഴുപതാം പിറന്നാളാഘോഷങ്ങൾ വേണ്ടെന്ന്് വെച്ച് പ്രളയക്കെടുതി അനുഭവിച്ച ആദിവാസി കുടുംബങ്ങളെ സഹായിച്ച് മാതൃകയാവുകയാണ് കിഴക്കേ കോടാലി സ്വദേശി കെ.ജി.രാധാകൃഷ്ണൻ. പ്രളയക്കെടുതികളുടെ പശ്ചാത്തലത്തിലാണ് വിപുലമായ രീതിയിൽ ആഘോഷിക്കാൻ തീരുമാനിച്ചിരുന്ന പിറന്നാളാഘോഷം ഉപേക്ഷിക്കാൻ രാധാകൃഷ്ണൻ തീരുമാനിച്ചത്.
ഒക്ടോബർ രണ്ടിന് എഴുപതു തികയുന്ന കിഴക്കേ കോടാലി കുണ്ടനി വീട്ടിൽ രാധാകൃഷ്ണൻ സുഹൃത്തുക്കളേയും ബന്ധുക്കളേയും വിളിച്ചുകൂട്ടി പിറന്നാളാഘോഷം നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു.എന്നാൽ പിന്നീടുണ്ടായ പ്രളയക്കെടുതിയിൽ പെട്ട് അനേകം പേർ ദുരിതം അനുഭവിക്കുന്നതറിഞ്ഞ സാമൂഹിക പ്രവർത്തകൻ കൂടിയായ രാധാകൃഷ്ണൻ ആഘോഷം വേണ്ടെന്ന് വെച്ചു.
അതിനായി കരുതിവെച്ച തുക ആനപ്പാന്തം കാടർ കോളനിയിലെ ആദിവാസി കുടുംബങ്ങൾക്കായി ചെലവഴിക്കാൻ തീരുമാനിച്ചു. ഇതനുസരിച്ചാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊത്ത് രാധാകൃഷ്ണൻ ഞായറാഴ്ച ആനപ്പാന്തം കോളനിയിലെത്തിയത്.
കോളനിയിലെ 78 കുടുംബങ്ങൾക്കും പത്തുദിവസത്തേക്കാവശ്യമായ അരിയും പലവ്യഞ്ജനങ്ങളും രാധാകൃഷ്ണനും കുടുംബാംഗങ്ങളും ചേർന്ന് വിതരണം ചെയ്തു. പഞ്ചായത്തംഗം ജോയ് കാവുങ്ങൽ, ആദിവാസി ക്ഷേമ സമിതി നേതാവ് യു.ടി.തിലകമണി, ഒ.എസ്.മാധവൻ , ഗോവിന്ദൻകുട്ടി പുണർക്ക , സി.കെ.ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.