ആലപ്പുഴ: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മുഖ്യപ്രതി പൾസർ സുനിയുടെ കീഴടങ്ങൽ മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ. എല്ലാ കണ്ണുകളും പ്രതികൾക്കു നേരെയാണെന്ന് പറയുകയും മുഴുവൻ സമയം കാമറക്കണ്ണുകളുള്ള കൊച്ചിയിൽ പ്രതികൾ കീഴടങ്ങാനെത്തിയത് അവിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തെ ക്രമസമാധാന നില തകർന്ന സാഹചര്യത്തിൽ പിണറായിവിജയൻ ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിഞ്ഞ് മറ്റേതെങ്കിലും ഘടകകക്ഷികളെ ഏല്പിക്കണമെന്ന് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ പങ്ക് അന്വേഷിക്കണമെന്ന കഴിഞ്ഞ ദിവസം ഉന്നയിച്ച ആവശ്യം ആവർത്തിച്ച ബിജെപി സംസ്ഥാന സെക്രട്ടറി ഇതു സംബന്ധിച്ച് ബിനീഷ് നൽകുമെന്ന് പറഞ്ഞ മാനനഷ്ടക്കേസിനെ ധൈര്യമായി നേരിടുമെന്നും വ്യക്തമാക്കി.
തന്റെ ആരോപണം ശരിവയ്ക്കുന്നതാണ് സിപിഎമ്മുമായി ബന്ധമുള്ള നിരവധി ക്രിമനൽ കേസുകളിലെ പ്രതികൾക്ക് കൊച്ചിയുമായുള്ള ബന്ധമെന്നും രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.
ആർഎസ്എസ് നേതാവ് കതിരൂർ മനോജിനെ കൊലപ്പെടുത്തിയ കേസിൽ പി. ജയരാജനോടൊപ്പം കൂട്ടുപ്രതിയായ സജീഷിന്റെ സഹോദരനാണ് കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയോടൊപ്പം പിടിയിലായ വിജീഷെന്നു ചൂണ്ടിക്കാട്ടിയ രാധാകൃഷ്ണൻ കേസ് തേച്ചുമാച്ചു കളയാൻ ശ്രമം നടക്കുന്നെുണ്ടന്നും ആരോപിച്ചു.
മംഗലാപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ തടയുമെന്ന പ്രഖ്യാപനത്തിനു ബിജെപിയുമായി ബന്ധമൊന്നുമില്ലെന്നും അതു ജനങ്ങളുടെ ഭാഗത്ത് നിന്നുയർന്നു വന്ന തീരുമാനമാണെന്നും ചോദ്യത്തിനു മറുപടിയായി രാധാകൃഷ്ണൻ പറഞ്ഞു. മംഗലാപുരത്ത് പിണറായിയെ സ്വീകരിക്കാൻ ആരെങ്കിലുമുണ്ടാകുമോ എന്നു തിരിച്ച് ചോദിച്ച അദ്ദേഹം മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് പുറമെയുള്ളവർ ബോധവന്മാരാണെന്നും വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് കെ. സോമൻ പങ്കെടുത്തു.