വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിന്റെ ദാഹമകറ്റുന്ന കുന്നങ്കാട് സ്വദേശി രാധാകൃഷ്ണന് വേനൽ കടുത്തതോടെ വിശ്രമമില്ലാതായി. അതിരാവിലെ മുതൽ വൈകുംവരെ ടൗണിലെ കടകളിലും മറ്റും വെള്ളം എത്തിക്കുന്ന തിരക്കുകളിലാണ് ഈ അറുപതുകാരൻ.
മന്ദത്തെ മിൽമ ബൂത്തിനടുത്തെ പൊതുകിണറിൽനിന്നാണ് വെള്ളം എടുക്കുക. സൈക്കിളിനു ചുറ്റും കെട്ടിയ കുടങ്ങളിൽ ഇവിടെനിന്നും വെള്ളം നിറച്ച് ആവശ്യക്കാർക്ക് എത്തിക്കും.വെള്ളം എത്തിക്കാൻ കഷ്ടപ്പാടുണ്ടെങ്കിലും അതിനനുസരിച്ചുള്ള പ്രതിഫലമൊന്നും കിട്ടാറില്ലെന്നാണ് രാധാകൃഷ്ണന്റെ വിഷമം.
മൂന്നു പതിറ്റാണ്ടിലേറെയായി തുടരുന്ന തൊഴിൽ അങ്ങനെ മുന്നോട്ടുപോകട്ടെ എന്ന നിലപാടാണ് രാധാകൃഷ്ണനുള്ളത്. വെള്ളത്തിന് കാര്യമായ ഗുണദോഷങ്ങളൊന്നും ഇല്ലാത്തതിനാൽ രാധാകൃഷ്ണന്റെ കിണർവെള്ളത്തിന് ഡിമാന്റും കൂടുതലാണ്. ഇടയ്ക്കിടെ കിണർവെള്ളം ബ്ലീച്ചിംഗ് പൗഡറും കല്ലുപ്പും ഇട്ട് രാധാകൃഷ്ണൻ ശുചീകരണ പ്രക്രിയയും നടത്തും.
മുന്പ് കാവ് തോളിലേറ്റിയാണ് കടകളിൽ വെള്ളം എത്തിച്ചിരുന്നത്. കുറച്ചുവർഷമേ ആയിട്ടുള്ളു സൈക്കിൾ സഹായിയായി വന്നിട്ട്. ഉച്ചയാകുന്പോഴേയ്ക്കും ചൂട് സഹിക്കാനാകാതെ അവശനാകുന്ന സ്ഥിതിയുണ്ടെന്നാണ് വെള്ളം കൈകാര്യം ചെയ്യുന്ന രാധാകൃഷ്ണനും പറയുന്നത്.