തിരുവനന്തപുരം: വിളപ്പിൽശാല പോലീസ് സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ച ഗ്രേഡ് എസ്ഐ മരിച്ചു. അമ്പലത്തിൻകാല രാഹുൽ നിവാസിൽ രാധാകൃഷ്ണൻ (53) ആണ് മരിച്ചത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെയോടെയാണ് മരണം. ജോലിഭാരവും എസ്ഐയുടെ മാനസീക പീഡനവുമാണ് ആത്യമഹത്യ ശ്രമത്തിനു പിന്നിലെന്നു ആരോപണം ഉയർന്നിരുന്നു.
വ്യാഴാഴ്ച രാവിലെ ഡ്യൂട്ടിക്കെത്തിയ രാധാകൃഷ്ണൻ സ്റ്റേഷനിലെ ഡ്രസിംഗ് റൂമിൽ തൂങ്ങുകയായിരുന്നു. രാധാകൃഷ്ണനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയ സഹപ്രവർത്തകർ ഇയാളെ വിളപ്പിൽശാലയിലെ ആശുപത്രിയിലെത്തിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
നാലു മാസം മുൻപാണ് രാധാകൃഷ്ണൻ വിളപ്പിൽശാല പോലീസ് സ്റ്റേഷനിൽ എത്തിയത്. രാധാകൃഷ്ണനെ ഇൻസ്പെക്ടർ സജിമോൻ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് സഹോദരൻ ആരോപിച്ചിരുന്നു.