കടുത്തുരുത്തി: അടച്ചുറപ്പില്ലാത്ത വീട്ടിൽ മാനസിക വെല്ലുവിളി നേരിടുന്ന മകൾക്കൊപ്പം കഴിയുന്ന അമ്മ അതിജീവനത്തിനായി പൊരുതുന്നു.
മുളക്കുളം പഞ്ചായത്തിലെ രണ്ടാം വാർഡിലുള്ള വടുകുന്നപ്പുഴ ചാമക്കാലായിൽ രാധാമണിയാണ് മകൾക്കൊപ്പം ദുരിതക്കയത്തിലൂടെ ജീവിതം തള്ളിനീക്കുന്നത്.
രാധാമണിയുടെ മകൾ അന്പിളി(37)ചെറുപ്പം മുതലേ മാനസിക വെല്ലുവിളി നേരിടുന്നതാണ്. ഈ കുട്ടിയുടെ ജനനശേഷം ഭർത്താവ് രാധാമണിയെ ഉപേക്ഷിച്ചു പോയി. ആലുവയിലാണ് ഇവർ താമസിച്ചിരുന്നത്.
ഏലൂർ പോലീസ് സ്റ്റേഷനിലെ കാന്റീൻ ജീവനക്കാരിയായിരുന്നു രാധാമണി. അവിടത്തെ ജോലിക്കു ഇപ്പോൾ പോകാനാവുന്നില്ലെങ്കിലും പോലീസ് ഉദ്യോഗസ്ഥരുടെ ചെറിയ സഹായങ്ങളാണ് ഇവർക്ക് ഇപ്പോഴും തുണയാകുന്നത്.
മകളെ പല മാനസികാരോഗ്യ കേന്ദ്രങ്ങളിലും ചികിത്സാർഥം കൊണ്ടു ചെന്നാക്കിയെങ്കിലും അപസ്മാരമുള്ളതിനാൽ പലരും അന്പിളിയെ അവിടെനിന്നും മടക്കി അയക്കുകയാണെന്ന് രാധാമണി പറയുന്നു.
നിലവിൽ കൊച്ചിയിലെ അമൃതാ ആശുപത്രിയിലെ ചികിത്സയിലായിരുന്നു അന്പിളി. എന്നാൽ തുടർ ചികിത്സയ്ക്കു പണമില്ലാത്തതിനാൽ അതും പാതിവഴിയിൽ നിലച്ചിരിക്കുകയാണ്.
ഒരുവർഷം മുന്പാണ് രാധാമണി മകളുമായി ഇവരുടെ സ്വന്തം വീട് സ്ഥിതി ചെയ്യുന്ന വടുകുന്നപ്പുഴയിലെത്തി ഷീറ്റിട്ട് വീടുണ്ടാക്കി ഇവിടെ താമസമാക്കിയത്.
മനോനില തെറ്റിയ മകളെ ഒറ്റയ്ക്കാക്കിയിട്ട് ജോലിക്കു പോകാൻ പറ്റാത്തതിനാൽ മുറിയിൽ അടച്ചിട്ടതിനു ശേഷമാണ് പലപ്പോഴും രാധാമണി ഉപജീവനത്തിനായി തൊഴിൽതേടി പോകുന്നത്.
അപസ്മാരം വന്ന് വീണാൽ പിടിച്ചു എഴുന്നേൽപിക്കാൻ ബുദ്ധിമുട്ടായാതിനാൽ രാധാമണിക്കു പലപ്പോഴും കസേരയിൽ മകളെ കെട്ടി വയ്ക്കേണ്ടതായും വരുന്നു. തകര ഷീറ്റിട്ട ഒറ്റമുറി വീട്ടിൽ കനത്ത ചൂടേറ്റാണ് പകൽ മുഴുവൻ അന്പിളി കഴിയുന്നത്.