കോഴഞ്ചേരി: ഭർതൃപിതാവിനെ മൺവെട്ടി കൊണ്ട് തലയ്ക്കടിച്ചു പരിക്കേല്പിച്ച സംഭവത്തിൽ മരുമകളെ പോലീസ് അറസ്റ്റു ചെയ്തു.
കോഴഞ്ചേരി – ചെറുകോൽ മധുര ഭവനിൽ ദാമോദരൻ നായരെ (95) മൺവെട്ടികൊണ്ട് അടിച്ചുകൊല്ലാൻ ശ്രമിച്ച കേസിലാണ് മരുമകൾ രാധാമണി (57)യെ ആറന്മുള എസ്എച്ച്ഒ ജി. സന്തോഷ്കുമാറും സംഘവും അറസ്റ്റു ചെയ്തത്.
തന്ത്രപൂർവം സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു ശേഷമാണ് ഇന്നലെ വൈകുന്നേരം അഞ്ചിന് അറസ്റ്റു രേഖപ്പെടുത്തിയത്. വീഡിയോ കോൺഫറൻസിലൂടെ പത്തനംതിട്ട ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ നാലിനു വീട്ടുമുറ്റത്തു നിന്ന ദാമോദരൻ നായരെ യാതൊരു പ്രകോപനവും കൂടാതെ മൺവെട്ടികൊണ്ട് അടിക്കുകയായിരുന്നെന്നാണ് പോലീസിനു നൽകിയ മൊഴിയിൽ പറയുന്നത്.
മർദനത്തിൽ തലയ്ക്കും തലച്ചോറിനും മൂക്കിനും ആഴത്തിലുള്ള മുറിവ് സംഭവിച്ചിട്ടുണ്ട്. കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലെ ന്യൂറോ സർജറി യൂണിറ്റിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ദാമോദരൻ നായർ അപകടനില തരണം ചെയ്തിട്ടില്ല.
മുറ്റത്തു നിന്ന് ചരൽ വാരി മാറ്റിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.ദാമോദരൻ നായരുടെ മകൻ മധുസൂദനനും ഭാര്യ രാധാമണിയും തമ്മിൽ വർഷങ്ങളായി അകന്നു കഴിയുകയാണെന്ന് പറയുന്നു.
മക്കളും മധുസൂദനൻ നായരും ബംഗളൂരുവിലാണ് താമസിക്കുന്നത്. കോടതി ഉത്തരവിന്റെ പിൻബലത്തിലാണ് ചെറുകോലിലെ കുടുംബ വീടിന്റെ രണ്ടാം നിലയിൽ രാധാമണി താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
സംഭവം നടക്കുമ്പോൾ ദാമോദരൻ നായരും ഭാര്യ ഭാനുമതിയമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. രക്തത്തിൽ കുളിച്ചു വീട്ടുമുറ്റത്തു കിടക്കുകയായിരുന്ന ദാമോദരൻ നായരെ സമീപത്തെ ഓട്ടോറിക്ഷാ തൊഴിലാളികളാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തന്നെയും മർദിച്ചെന്ന് ആരോപിച്ച് രാധാമണിയും പോലീസിൽ പരാതി നൽകി.