പത്തനംതിട്ട: റോഡിലൂടെ നടന്നുപോകവേ ആക്രമിച്ച് മാല കവരാൻ ശ്രമിച്ച മോഷ്ടാവിനെ ചെറുക്കാൻ ധൈര്യംകാട്ടിയ വയോധികയ്ക്ക് പോലീസിന്റെ ആദരം.
തെള്ളിയൂർ അനിതനിവാസിൽ രാധാമണിയമ്മ (70)യെയാണ് ജില്ലാ പോലീസ് ആദരിച്ചത്. ജില്ലാ പോലീസ് അഡീഷണൽ എസ്പി ആർ. രാജൻ, ഇവരുടെ തെള്ളിയൂരിലുള്ള വീട്ടിലെത്തി ഇന്നലെ വൈകുന്നേരം ജില്ലാപോലീസ് മേധാവിയുടെ അനുമോദന പത്രം കൈമാറി.
ഏഴുമറ്റൂർ പഞ്ചായത്ത് ഓഫീസിനു സമീപം കഴിഞ്ഞ 31 നാണ് സംഭവം. റോഡിലൂടെ നടന്നുപോയ രാധാമണിയമ്മയെ എതിരെ ബൈക്കിലെത്തിയ മോഷ്ടാവ് കഴുത്തിൽ കടന്നുപിടിച്ചു.
അപ്രതീക്ഷിതമായ ആക്രമണത്തിൽ പകച്ചുപോയ അവർ, മനഃസാന്നിധ്യം കൈവിടാതെ മോഷ്ടാവിന്റെ കൈയിൽ മുറുകെ പിടിച്ചു നിർത്തുകയും മാല പറിച്ചു കടന്നുകളയാനുള്ള ശ്രമം പരാജയപ്പെടുത്തുകയുമായിരുന്നു.
ബൈക്കിൽ നിന്നും താഴെ വീണ മോഷ്ടാവ് വാഹനം ഉപേക്ഷിച്ചു കടന്നുകളഞ്ഞെങ്കിലും മണിക്കൂറുകൾക്കുള്ളിൽ പിടികൂടാനായി.
നിരവധി മോഷണക്കേസുകളിൽ പ്രതിയായിരുന്ന ബിനു തോമസാണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. വാഹനങ്ങൾ മോഷ്ടിക്കുന്നതും ഹരമാണ് ഇയാൾക്ക്.
കോവിഡ് കാരണം എല്ലാം കൊണ്ടും പ്രതിസന്ധിയിലായ കാലത്തും സഹായിക്കാൻ ആരുമില്ലാത്ത ചുറ്റുപാടിലും മനഃസാന്നിധ്യം കൈവിടാതെയും കള്ളന്റെ പിടി വിടുവിക്കാതെയും കീഴടക്കാൻ കാട്ടിയ ആത്മധൈര്യം സമൂഹത്തിന് മുഴുവനും വിശിഷ്യാ സ്ത്രീസമൂഹത്തിന് ആവേശവും പ്രചോദനവും പകർന്നുനൽകുന്നതാണെന്ന ജില്ലാ പോലീസ് മേധാവിയുടെ സന്ദേശമടങ്ങിയ അനുമോദനപ്പത്രമാണ് അഡീഷണൽ എസ്പി സമ്മാനിച്ചത്.
മോഷ്ടാവിന്റെ ആക്രമണത്തിന്റെ ആഘാതത്തിൽ നിന്നും ഇതുവരെ പൂർണമായും മുക്തമായിട്ടില്ലാത്ത രാധാമണിയമ്മ പോലീസിന്റെ ആദരവിൽ ഏറെ അഭിമാനത്തിലുമാണ്.