ചെന്നൈ: തമിഴ്നാടിനെ നടുക്കി ഉത്സവത്തിനിടെ വൻ ദുരന്തം. തഞ്ചാവൂരിനു സമീപമാണ് വൈദ്യുതാഘാതമേറ്റു വൻ ദുരന്തമുണ്ടായത്.
രഥം ഹൈടെൻഷൻ ലൈനിൽ തട്ടിയതിനെത്തുടർന്നു വൈദ്യുതാഘാതമേറ്റ് 11 പേർ മരിച്ചു. നാലു പേരുടെ നില ഗുരുതരമാണ്.
തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ ക്ഷേത്ര രഥ ഘോഷയാത്രയ്ക്കിടെ ഹൈ ടെൻഷൻ ട്രാൻസ്മിഷൻ ലൈനിൽ രഥത്തിന്റെ മുകൾഭാഗം തട്ടുകയായിരുന്നു.
അപകടത്തിൽ മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. ബുധനാഴ്ച പുലർച്ചെ തഞ്ചാവൂരിനടുത്തുള്ള കാളിമേട്ടിൽ അപ്പാർ ക്ഷേത്ര രഥഘോഷയാത്ര നടക്കുന്നതിനിടെയാണ് സംഭവം.
രഥം തിരിക്കുന്നതിനിടെയാണ് അപകടം. രഥം ലൈനിൽ മുട്ടിയപ്പോൾ പിന്നിലേക്കു മാറ്റാൻ ശ്രമിച്ചെങ്കിലും അതിനു ചില തടസങ്ങൾ നേരിട്ടെന്നു പോലീസും ദൃക്സാക്ഷികളും പറഞ്ഞു.
വൈദ്യുതാഘാതത്തിൽ രഥത്തിൽ നിന്നിരുന്നവർ തെറിച്ചുവീണു.
10 പേർ സംഭവസ്ഥലത്തുവച്ചു മരിച്ചു. ഒരു പതിമൂന്നുകാരൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.
അപകടത്തിൽ മരിച്ചവർ മോഹൻ (22), പ്രതാപ് (36), രാഘവൻ (24), അൻപഴകൻ. (60), നാഗരാജ് (60), സന്തോഷ് (15), ചെല്ലം (56), രാജ്കുമാർ (14), സ്വാമിനാഥൻ (56), മറ്റ് രണ്ടുപേർ. വൈദ്യുതാഘാതത്തിൽ രഥം പൂർണമായി തീപിടിച്ചു തകർന്നു.
അഗ്നിശമന സേനാംഗങ്ങളും ജില്ലാ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള എമർജൻസി സർവീസുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.
കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായവും അദ്ദേഹം പ്രഖ്യാപിച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ കാണാൻ മുഖ്യമന്ത്രി ഇന്നു തഞ്ചാവൂരിൽ എത്തും.