തമിഴ് സിനിമയുടെ സെറ്റിലുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചത് തമിഴ് സിനിമാലോകത്തെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. ചെന്നൈ പൂനമല്ലിയിലെ ഇ.വി.പി ഫിലിം സിറ്റിയില്‍ ബുധനാഴ്ച രാത്രി 9.10നാണ് ക്രെയിൻ തകർന്നുവീണ് അപകടമുണ്ടായത്.
കമൽഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ഇൻഡ്യൻ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം. അസിസ്റ്റന്റ് ഡയറക്ടർ കൃഷ്ണ, കലാസംവിധാന സഹായി ചന്ദ്രന്, നിര്‍മാണസഹായി മധു എന്നിവരാണ് മരിച്ചത്.
ഇപ്പോൾ ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംവിധായകൻ ശങ്കറിനെ പരോക്ഷമായി വിമർശിച്ചിരിക്കുകയാണ് മുതിർന്ന നടനായ രാധാരവി.
ഹോളിവുഡ് നിലവാരത്തിലുള്ള സിനിമ നിർമിക്കാനാണ് ഇവരൊക്കെ ശ്രമിക്കുന്നത് എന്നാല്‍ അതിന് യോജിച്ച രീതിയിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കില്ലെന്നും രാധാ രവി പറഞ്ഞു.
ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് സൗത്ത് ഇന്ത്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അനുശോചനയോഗത്തിലാണ് രാധാ രവി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
അതേസമയം കേവലമൊരു സിനിമാ സെറ്റിലല്ല അപകടം നടന്നതെന്നും തന്റെ കുടുംബത്തിലാണ് അപകടമുണ്ടായതെന്നും നടൻ കമൽഹാസൻ പറഞ്ഞു.
കുട്ടിക്കാലം മുതൽ ഈ മേഖലയിലാണ് തൊഴിലെടുക്കുന്നത്. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.