മണ്ണാർക്കാട്: കഴിഞ്ഞദിവസം നടന്ന അലോട്ട്മെന്റിൽ കോഴിക്കോട് മലബാർ മെഡിക്കൽ സയൻസിൽ രാധികയ്ക്ക് പ്രവേശനം ലഭിച്ചു.
കാട്ടിൽനിന്ന് തേനും ആയൂർവേദമരുന്നുകളും മറ്റും ശേഖരിച്ച് വിറ്റ് ഉപജീവനമാർഗം കണ്ടെത്തുന്ന കാഞ്ഞിരപ്പുഴ ഇരുന്പകച്ചോല ആനക്കരണം ആദിവാസി കോളനിയിലെ ജോഷിശാന്ത ദന്പതികളുടെ രണ്ടാമത്തെ മകൾ രാധികയാണ് മണ്ണാർക്കാടിന്റെ അഭിമാനമാകുന്നത്.
രാധിക ഡോക്ടറാകണമെന്നത് ഞങ്ങളുടെ സ്വപ്നമായിരുന്നു. അതിനായിരുന്നു അരമുറുക്കിയുടുത്ത് പട്ടിണികിടന്ന് ഇത്രയുംകാലം അധ്വാനിച്ചതെന്ന് നിറമിഴികളോടെ ജോഷിയും ശാന്തയും പറയുന്നു.
മെഡിക്കൽ സയൻസിൽ പ്രവേശനം ലഭിച്ചു. മോൾക്കത് നേടാനാകുമെന്നു ഈ ദന്പതികൾ ഉറപ്പിച്ചുപറഞ്ഞു. ആനക്കരണം കോളനിയിലുള്ളവരും പട്ടികവർഗ വകുപ്പും എല്ലാ സഹായത്തിനുമായി രാധികക്കൊപ്പമുണ്ട്.
രാധികയുടെ പഠനമികവറിഞ്ഞതോടെ കാഞ്ഞിരപ്പുഴ പഞ്ചായത്ത് അധികൃതരും രംഗത്തുണ്ട്. വീടോ മറ്റ് അടിസ്ഥാന സൗകര്യങ്ങളൊന്നും രാധികയ്ക്കില്ല. തുടർപഠനത്തിനുള്ള പണവും കണ്ടെത്തണം. എല്ലാ കണ്ടെത്തുമെന്നുള്ള വിശ്വാസമാണ് ഈ കുടുംബത്തിന്.
പൊറ്റശേരി ഹൈസ്കൂളിൽ പത്താംക്ലാസും തുടർന്ന് പാലക്കാട് മോയൻസ് ഹൈസ്കൂളിൽ പ്ലസ്ടുവും പൂർത്തിയാക്കി. പട്ടികവർഗ വകുപ്പിന്റെ സഹായത്തോടെ പാലായിൽ എൻട്രൻസ് പരിശീലനവും രാധിക പൂർത്തിയാക്കി.
ഡോക്ടറാകണമെന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമെന്ന് രാധികയും പറഞ്ഞു. സഹോദരങ്ങൾ: രാഹുൽ, രജീഷ്, രമിത.