ചെന്നൈ: കാരവാനുകളില്‍ രഹസ്യ ക്യാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്ന് രാധിക ശരത്കുമാര് നടത്തിയ വെളിപ്പെടുത്തല്‍ എറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഈ വാര്‍ത്തയ്ക്ക് പിന്നാലെ മോഹന്‍ലാല്‍ തന്നെ വിളിച്ച് വിവരങ്ങള്‍ തിരക്കിയെന്ന് പറഞ്ഞിരിക്കുകയാണ് രാധിക.
ചെന്നൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം. “മോഹന്‍ലാല്‍ സാര്‍ എന്നെ വിളിച്ച് ചോദിച്ചു, അയ്യോ ഇത് എന്റെ സെറ്റിലാണോ നടന്നത് എന്ന്. സാര്‍, ഞാന്‍ പേര് പറയാന്‍ താല്പര്യപ്പെടുന്നില്ലെന്ന് പറഞ്ഞു. നിങ്ങളുടേതോ അതോ മറ്റാരുടെയെങ്കിലുമോ സെറ്റ് എന്ന കാര്യം വെളിപ്പെടുത്താന്‍ താല്പര്യമില്ലെന്ന കാര്യം അദ്ദേഹത്തെ അറിയിച്ചു എന്ന്”, രാധിക മാധ്യമങ്ങളോട് പറഞ്ഞു.
യുവനടിക്ക് നേരേ തമിഴ് സിനിമയിലെ ഉന്നതനായ താരം ലൈംഗികാതിക്രമം നടത്തിയെന്ന കാര്യവും വാർത്താ സമ്മേളനത്തിൽ രാധിക വെളിപ്പെടുത്തി. മദ്യപിച്ചെത്തിയ നടൻ യുവനടിക്ക് നേരേ അക്രമം നടത്തുകയായിരുന്നു. തന്റെ ഇടപെടൽ കാരണമാണ് നടിയെ രക്ഷിക്കാനായതെന്ന് രാധിക പറഞ്ഞു.
ഇപ്പോൾ പ്രമുഖ നായക നടന്റെ ഭാര്യയായ താരത്തിന് നേരേ വർഷങ്ങൾക്ക് മുൻപ് നടന്ന ലൈംഗികാതിക്രമ ശ്രമത്തിന്റെ കാര്യമാണ് രാധിക വെളിപ്പെടുത്തിയത്.
ഞാൻ ആ നടനോട് ദേഷ്യപ്പെട്ടു. സംഭവം ഞാൻ കണ്ടെന്ന് അറിഞ്ഞതോടെ നടൻ അവിടെ നിന്നും പോയി. പിന്നാലെ ആ പെൺകുട്ടി എന്നെ കെട്ടിപ്പിടിച്ചു, ഭാഷയറിയില്ലെങ്കിലും നിങ്ങളെന്ന രക്ഷിച്ചുവെന്ന് എനിക്ക് മനസിലായെന്നും താരം പറഞ്ഞു. ആ പെൺകുട്ടി ഇന്നും എന്റെ നല്ല സുഹൃത്താണെന്നും രാധിക കൂട്ടിച്ചേർത്തു. രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള നടന്മാർ ആദ്യം സ്വന്തം സിനിമാ മേഖലയിലെ സ്ത്രീകളെ സംരക്ഷിക്കണമെന്നും രാധിക ആവശ്യപ്പെട്ടു.
മലയാള സിനിമാ മേഖലയിലാണ് ഇത്തരം പ്രശ്നങ്ങളുളളതെന്നും കോളിവുഡിൽ സത്രീകൾക്ക് നേരെ യാതൊരു തരത്തിലുമുള്ള അതിക്രമങ്ങളും നടക്കുന്നില്ലന്ന് തമിഴ് സിനിമയിലെ പുരുഷ താരങ്ങൾ അവകാശപ്പെടുമ്പോഴാണ് രാധിക ശരത്കുമാറിന്റെ തുറന്ന് പറച്ചിൽ.