ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ഓങ്കോളജി വിഭാഗത്തിൽ രോഗികൾക്ക് റേഡിയേഷൻ നൽകുന്ന യന്ത്രം തകരാറിലായതോടെ കാൻസർ രോഗികൾക്ക് ചികിത്സ ലഭ്യമാകുവാൻ വൈകുന്നു.
റേഡിയേഷൻ നൽകേണ്ടിവരുന്ന കാൻസർ രോഗികൾക്ക് ലീനിയർ ആക്സിലേറ്റർ യന്ത്രം വഴിയാണ് ചികിത്സ നൽകുന്നത്. യന്ത്രത്തിന്റെ ചില്ലർ ക്യാപ്സൂൾ ഭാഗമാണ് തകരാറിലായത്.
യന്ത്രം ഉപയോഗിക്കുന്പോൾ അതിന്റെ താപനില നിയന്ത്രിക്കുന്ന ഭാഗമാണിത്. ബ്ലൂസ്റ്റാർ കന്പനിയാണ് യന്ത്രത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച യന്ത്രം തകരാറിലായപ്പോൾ കന്പനിയുടെ സാങ്കേതിക വിദഗ്ധൻ യന്ത്രം നന്നാക്കിപോയിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് തിങ്കളാഴ്ച യന്ത്രം വീണ്ടും തകരാറിലായി.
കന്പനിയുടെ ഉയർന്ന ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെ തുടർന്ന് അവർ സ്ഥലത്തെത്തി പരിശോധിക്കുകയും സിസ്റ്റം മുഴുവനായി മാറ്റിവ്ക്കണമെന്നും നിർദ്ദേശിച്ചു.
12 വർഷം പഴക്കമുള്ള യന്ത്രമാണിത്. തകരാറിലായ ഭാഗം മാത്രം മാറ്റിയാൽ വീണ്ടും പ്രവർത്തന രഹിതമാകും എന്നുള്ളതുകൊണ്ടാണ് മുഴുവൻ യന്ത്രഭാഗവും മാറ്റുവാൻ കന്പനി പ്രതിനിധികൾ നിർദ്ദേശിച്ചത്. ഇതിന് എട്ടു ലക്ഷം രൂപ വിലവരും. രണ്ടു വർഷത്തെ ഗ്യാറന്റിയും ലഭിക്കും.
25 രോഗികൾക്കു വരെ റേഡിയേഷൻനൽകിയിരുന്നു
ഇവിടെ ഒന്നു മുതൽ ഒന്നര മണിക്കൂർ സമയംകൊണ്ട് 25 രോഗികൾക്കുവരെ റേഡിയേഷൻ നൽകുവാൻ കഴിഞ്ഞിരുന്നു. യന്ത്രം തകരാറിലായതോടെ ആറു രോഗികൾക്കുവരെ റേഡിയേഷൻ നൽകുന്നതിനു മാത്രമെ ഇപ്പോൾ കഴിയുന്നുള്ളു. ഇത് പാവപ്പെട്ട രോഗികളെയാണ് ഏറെ ബുദ്ധിമുട്ടിക്കുന്നത്.
സ്വകാര്യ ആശുപത്രികളിർ രണ്ടു ലക്ഷം രൂപവരെ ചിലവു വരുന്ന റേഡിയേഷൻ ചികിത്സക്ക് മെഡിക്കൽ കോളേജിൽ പരമാവധി 25,000 രൂപ മാത്രമാണ് ചിലവു വരുന്നത്. ഇൻഷ്വറൻസ് പരിരക്ഷയുള്ളവർക്ക് ചികിത്സാ ചിലവ് സർക്കാർ വഹിക്കുമെന്നുള്ള പ്രത്യേകതയുമുണ്ട്.
കോബോൾട്ട് യന്ത്രംതകരാറിലായിട്ട് രണ്ടു വർഷം
കാൻസർ ചികിത്സയിൽ പ്രധാനമായ കോബോൾട്ട് തെറാപ്പി രോഗികൾക്കു നൽകുവാനും ഇപ്പോൾ കഴിയുന്നില്ല. രണ്ടു വർഷമായി ഈ യന്ത്രം തകരാറിലാണ്. കോബോൾട്ട് യന്ത്രവും പുതിയതായി വാങ്ങി സ്ഥാപിക്കണം. ഇതിനായി പുതിയ കെട്ടിടം ഇനിയുണ്ടാക്കണം.
ന്യൂക്ലിയർ മെഡിസിൻ വിഭാഗം ഇല്ല
കോട്ടയം മെഡിക്കൽ കോളജിൽ ന്യൂക്ലിയർ മെഡിസിൻ വിഭാഗവും സജ്ജീകരിച്ചിട്ടില്ല. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ഈ സംവിധാനം നിലവിലുണ്ട്.
കോട്ടയം മെഡിക്കൽ കോളജിലെത്തുന്ന് കാൻസർ രോഗികൾക്ക് ഈ ചികിത്സ നിഷേധിക്കപ്പെട്ടിരിക്കുയാണ്. കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ഭാഗത്തുള്ള രോഗിക്ക് തിരുവനന്തപുരത്തോ കോഴിക്കോട്ടോ പോയി ഈ ചികിത്സ തേടേണ്ട അവസ്ഥയാണ് നിലവിൽ. സ്വകാര്യ ആശുപത്രികളെ സമീപിക്കുന്നവർക്ക് വലിയ തുക മുടക്കേണ്ടിവരുന്നു.
ലിഫ്റ്റ് പണിമുടക്കിയിട്ട് മാസങ്ങൾ പിന്നിട്ടു
നടക്കാൻ കഴിയാത്ത അവശരായ രോഗികളെ മുകളിലത്തെ നിലയിലെത്തിക്കണമെങ്കിൽ ലിഫ്റ്റിന്റെ സഹായം ആവശ്യമാണ്. ലിഫ്റ്റ് തകരാറിലായിട്ട് മാസങ്ങൾ കഴിഞ്ഞു.
ഇതുമൂലം രോഗികളും സഹായികളും ഏറെ ദുരിതത്തിലായിരിക്കുകയാണ്. രോഗികളെ സ്ട്രെച്ചറിലോ വീൽചെയറിലോ മുകളിലത്തെ നിലയിൽ എത്തിക്കുന്നതിന് റാന്പ് സംവിധാനവും ഇവിടെയില്ല.
ദിവസേന നൂറു കണക്കിന് കാൻസർ രോഗികൾ ചികിത്സ തേടിയെത്തുന്ന കോട്ടയം മെഡിക്കൽ കോളജിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വളരെയേറെയാണ്.
സമർപ്പണബോധമുള്ള ഡോക്്ടർമാരുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടാലേ രോഗികൾക്ക് ചികിത്സയുടെ ഫലം അനുഭവിക്കാനാകൂ. അതിനായി അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തിര നടപടികൾ ഉണ്ടാകണമെന്ന ആവശ്യമാണ് ഉയരുന്നത്.