തേവലക്കര: വായനയിലൂടെ ലഭിക്കുന്ന സംതൃപ്തി മറ്റൊരു മീഡീയയിൽ നിന്നും നമുക്കു ലഭിക്കുന്നില്ലായെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി. തേവലക്കര ഇന്ദിരാ പ്രിയദർശിനി സാംസ്കാരിക ഗ്രന്ഥശാലയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു എംപി.
കാലത്തിന്റെ ചുവരെഴുത്തുകൾ കൃത്യമായി മനസിലാക്കി അതിന് അനുയോജ്യമായ രീതിയിൽ ഗ്രന്ഥശാലാ പ്രസ്ഥാനം മാറിയതുകൊണ്ടാണ് സാമൂഹ്യരംഗത്ത് വായന മരിക്കാത്തത്. എല്ലാ ദിവസവും ടെലിവിഷൻ ഉൾപ്പെടെയുള്ള ദൃശ്യമാധ്യമങ്ങൾ കാണുന്നവരാണ് നമ്മൾ . എന്നാൽ ഇപ്പോൾ വാർത്തകൾക്ക് ടെലിവിഷനെ ആശ്രയിക്കേണ്ട കാലവും കഴിഞ്ഞു.
മൊബൈൽ ഫോൺ വഴി വാട്സപ്പ്, ഡെയിലിഹണ്ട്, ട്വിറ്റർ തുടങ്ങിയ ആപ്ലിക്കേഷനുകളിലൂടെ തൽസമയ വാർത്തകൾ കണ്ടും കേട്ടും ബോധ്യപ്പെട്ടാണ് നമ്മൾ ഉറങ്ങുന്നതെങ്കിലും അടുത്തദിവസം രാവിലെ പ്രഭാത ദിനപത്രങ്ങൾ വായിക്കുമ്പോൾ ഉണ്ടാകുന്ന ആസ്വാദനന്റെയും അനുഭവത്തിന്റെയും തലവും തലേ ദിവസം കണ്ട വാർത്തകളും താരതമ്യം ചെയ്യുമ്പോളാണ് പത്ര വായനയുടെ അനുഭവും സുഖവും നമുക്കു മനസ്സിലാകുന്നത്.
ഇത്രയേറേ വിവരസാങ്കേതികവിദ്യയുടെ വളർച്ച ഉണ്ടായിട്ടും അച്ചടി മാധ്യമങ്ങളുടെ എണ്ണത്തിനും പ്രചാരണത്തിനും ഒരു മാറ്റവും ഉണ്ടായിട്ടില്ല. മറിച്ച് അവയുടെ സർക്കുലേഷൻ വർഷം തോറും കൂട്ടുകയും പ്രചാരണം പതിന്മടങ്ങ് വർധിക്കുകയുമാണ്.
എത്ര സാങ്കേതികവൽക്കരണം ഉണ്ടായാലും മനുഷ്യൻ ഉള്ളടുത്തോളം കാലം വായന മരിക്കില്ല. പുതിയ തലമുറയെ വായനയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു വരുന്നതിന് അവരുടെ പ്രവർത്തനങ്ങൾ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട് . ഗ്രന്ഥശാലകൾ അതിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി എല്ലാ ആൾക്കാരെയും വായനയുടെ ലോകത്ത് എത്തിക്കണമെന്ന് എംപി പറഞ്ഞു.
ചടങ്ങിൽ തേവലക്കര ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ഐ. ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. വി. വിജയകുമാർ മുഖ്യപ്രഭാഷണവും ലൈബ്രറി കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് ചന്ദ്രശേഖര പിള്ള മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകരെ ആദരിക്കുകയും ചെയ്തു . തേവലക്കര സ്ട്രാറ്റ്ഫോർഡ് പബ്ലിക്ക് സ്കൂൾ ആന്റ് ജൂനിയർ കോളേജ് സംഭാവന നൽകിയ സ്മാർട്ട് ടിവിയുടെ സ്വിച്ച് ഓൺ കർമം അസീസ് കളീലിൽ നിർവ്വഹിച്ചു.
ചടങ്ങിൽ ജനപ്രതിനിധികളായ ബി. സേതുലക്ഷമി, എം.മുംതാസ് ഹാരീസ്, എം. കെ. മുതാസ്, എം. ഇസ്മയിൽ കുഞ്ഞ്, തേവലക്കര ബക്കർ, കാട്ടുംപുറത്ത് രാമകൃഷ്ണപിള്ള എന്നിവർ പങ്കെടുത്തു. ഗ്രന്ഥശാല പ്രസിഡന്റ് ബി . രമണൻപിള്ള, ഗ്രന്ഥശാല സെക്രട്ടറി എസ്. അൻസാരി എന്നിവർ പ്രസംഗി ച്ചു. ജയരാജ് വാര്യരുടെ കാരിക്കേച്ചർ ഷോയും നടന്നു. എൻ കെ പ്രേമചന്ദ്രൻ എംപിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒന്പത് ലക്ഷം രൂപ ചിലവഴിച്ചു നിർമിച്ചതാണ് പുതിയ മന്ദിരം .