നിങ്ങൾക്ക് എന്നെ കാണാൻ കഴിയില്ല, പക്ഷേ എന്നെ കേൾക്കാൻ കഴിയും. നിങ്ങൾക്ക് എന്നെ തൊടാൻ കഴിയില്ല, പക്ഷേ എന്നെ അനുഭവിക്കാൻ കഴിയും. ഞാൻ വിശ്വപൗരനല്ല എന്നിരുന്നാലും ഞാൻ സ്വതന്ത്രമായി ആരും തടയാതെ വീസയും പാസ്പോർട്ടും ഇല്ലാതെ ലോകമെമ്പാടും സഞ്ചരിക്കുന്നു. മനുഷ്യനിർമിത രാജ്യാതിർത്തികൾ എനിക്കു ബാധകമല്ല.
ഞാൻ ആരാണ്, എന്റെ പേര് എന്താണ് എന്നു നിങ്ങൾക്ക് ഇതിനകം മനസിലായി എന്നെനിക്കറിയാം. ഞാൻ മേഘദൂതനാണ്, ആകാശത്തുനിന്നുള്ള സന്ദേശവാഹകനാണ്. ‘മേഘങ്ങൾക്ക് മുകളിലുള്ള ശബ്ദം’എന്നു ഞാൻ എന്നെത്തന്നെ വിളിക്കും. സാധാരണഭാഷയിൽ ജനങ്ങൾ എന്നെ അഭിസംബോധന ചെയ്യുന്നത് ‘ആകാശവാണി’ എന്നാണ്.
ഇന്ന് ലോക റേഡിയോ ദിനം. ഐക്യരാഷ്ട്ര സഭ 2011 മുതൽ ഫെബ്രുവരി 13 ലോക റേഡിയോ ദിനമായി ആചരിക്കുന്നു. നമ്മുടെ ഭാരതത്തിൽ ഈ വർഷത്തെ റേഡിയോ ദിനത്തിന് പതിവിൽ കവിഞ്ഞ പ്രാമുഖ്യമുണ്ട് . റേഡിയോ നമ്മുടെ നാടിന്റെ ശബ്ദമായി ശുഭയാത്ര ആരംഭിച്ചിട്ട് ഒരു നൂറ്റാണ്ട് ഈ വർഷം പൂർത്തിയാകുന്നു എന്നത് ഈ വർഷത്തെ റേഡിയോ ദിനത്തിന്റെ തിളക്കം പതിന്മടങ്ങാക്കുന്നു.
റേഡിയോ ക്ലബ് ഓഫ് ബോംബെ ( മുംബൈ) ആദ്യമായി പ്രക്ഷേപണം ചെയ്തത് 1923 ജൂണിലാണ്. അതായത് ആകാശവാണി നിലവിൽ വരുന്നതിന് 13 വർഷം മുമ്പ്. നവജാത റേഡിയോയ്ക്ക് അക്കാലത്ത് പല വെല്ലുവിളികളും മരണാസന്നനിലയും തരണം ചെയ്യേണ്ടി വന്നു. നവജാത ശിശുവിനെപ്പോലെ ബാല്യകാല രോഗങ്ങളാൽ വലഞ്ഞിരുന്ന ശൈശവകാലം റേഡിയോയ്ക്ക് ഉണ്ടായിരുന്നു.
1935 ഓഗസ്റ്റിൽ ആദ്യത്തെ കൺട്രോളർ ഓഫ് ബ്രോഡ്കാസ്റ്റിംഗ് ആയി ലയണൽ ഫീൽഡൻ നിയമിതനാകുന്നതുവരെ അത് തുടർന്നു. 1936 ജൂൺ എട്ടിന് ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിംഗ് സർവീസ് ’ഓൾ ഇന്ത്യ റേഡിയോ’ ആയി. 1956ൽ ’ഓൾ ഇന്ത്യ റേഡിയോ’ ആകാശവാണി എന്ന പേരുകൂടി സ്വീകരിച്ചു. 2023 മേയ് മാസത്തിൽ ആകാശവാണി ’ഓൾ ഇന്ത്യ റേഡിയോ’ എന്ന പേര് ഒഴിവാക്കി.
ഇന്ന് ആകാശവാണി എന്ന ഒറ്റപേരിൽ അറിയപ്പെടുന്നു. ഏകദേശം 90 വർഷത്തെ പ്രവർത്തന സമയത്തിനുശേഷം, ആകാശവാണി വാർത്ത ട്യൂൺ ചെയ്താൽ, ശ്രോതാക്കളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ ““This is all India radio” എന്ന ജനപ്രീതിയാർജിച്ച ഐക്കോണിക് വാക്കുകൾ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.
റേഡിയോയുടെ 100 വർഷത്തെ നാഴികക്കല്ല് ആഘോഷിക്കേണ്ട ഐതിഹാസിക നേട്ടമാണ്. നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക, വിദ്യാഭ്യാസ, കാർഷിക, ആരോഗ്യ, രാഷ്ട്രീയ, സാമൂഹ്യ, കലാ-സാംസ്കാരിക മേഖലകളിൽ റേഡിയോയുടെ പങ്ക് ഇവിടെ ചർച്ച ചെയ്യാൻ തുനിയുന്നില്ല. എന്നാലും ഒരു കാര്യം മാത്രം ചൂണ്ടിക്കാണിക്കട്ടെ.
ഭാരതത്തിൽ ഹരിതവിപ്ലവം വിജയകരമാക്കിയതിൽ നിസ്തുലമായ പങ്ക് റേഡിയോ വഹിച്ചിട്ടുണ്ട് എന്നു പ്രസ്താവിച്ചത് ഹരിതവിപ്ലവത്തിന്റെ പിതാവായ ഭാരതരത്ന ഡോ. സ്വാമിനാഥൻ തന്നെയാണ്. റേഡിയോയെ ഹരിതവിപ്ലവത്തിന്റെ “പാടിപ്പുകഴ്ത്താത്ത ഹീറോ” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള കമ്യൂണിറ്റികൾക്കും സമൂഹത്തിലെ പാശ്വവത്കരിക്കപ്പെട്ടവർക്കും അനുയോജ്യമായ, കുറഞ്ഞ ചെലവിലുള്ള ആശയവിനിമയ മാർഗമാണ് റേഡിയോ. റേഡിയോ, ദാരിദ്ര്യമനുഭവിക്കുന്ന ജനവിഭാഗങ്ങൾ, ന്യൂനപക്ഷമുൾപ്പടെയുള്ള പാർശ്വവത്കരിക്കപ്പെട്ട, അസംഘടിത, ദുർബല വിഭാഗങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള അടിസ്ഥാന ഉത്തേജകമായി പ്രവർത്തിക്കുന്നു.
മാനവികതയെ അതിന്റെ എല്ലാ വൈവിധ്യത്തിലും ആഘോഷിക്കുന്നതിനുള്ള ശക്തമായ ഒരു മാധ്യമമാണ്, ജനാധിപത്യ വ്യവഹാരത്തിനുള്ള വേദിയാണ് റേഡിയോ. വൈവിധ്യമാർന്ന പ്രേക്ഷകരിലേക്ക് എത്തിച്ചേരാനുള്ള റേഡിയോയുടെ അതുല്യമായ കഴിവ് വൈവിധ്യത്തിന്റെ അനുഭവം രൂപപ്പെടുത്താനും എല്ലാവിധ സ്വരങ്ങളെയും ആശയങ്ങളെയും പ്രതിനിധീകരിക്കാനും കേൾക്കാനുമുള്ള ഒരു മികച്ച വേദി ഒരുക്കാൻ സജ്ജമാണ്.
റേഡിയോ, അതിന്റെ എല്ലാ അവതാരങ്ങളിലും അതായത്, വാണിജ്യപരമായതും പൊതുസേവന തല്പരവും ലാഭേച്ഛയില്ലാത്തതുമായ സാമൂഹിക റേഡിയോയും (community radio) ഇന്നും ജനപ്രിയവും പൊതുജന വിശ്വാസം ആർജിച്ചതുമാണ്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, സോഷ്യൽ മീഡിയ, ജനറേഷൻ ഗ്യാപ്, സോഫ്റ്റ് പരസ്യവിപണി എന്നിവയിൽനിന്നുള്ള കടുത്ത വെല്ലുവിളികൾ റേഡിയോയെ മാന്ദ്യത്തിലേക്കും ശ്രോതാക്കളെ നിലനിർത്തുന്നതിലും വരുമാന മാർഗം നിലനിർത്തുന്നതിലും പുതിയത് കണ്ടെത്തുന്നതിലും പിന്നോട്ടടിച്ചുവെന്നത് യാഥാർഥ്യമാണ്.
പൊതുസേവന പ്രക്ഷേപണം (പബ്ലിക് സർവീസ് ബ്രോഡ് കാസ്റ്റിംഗ് ) സാമ്പത്തികമായി ലാഭം കൊയ്യുന്ന ഒരു പദ്ധതിയല്ല. പക്ഷേ അതുവഴി ജനകോടികൾക്ക് ലഭിക്കാവുന്ന ശക്തീകരണം, സ്വയംപര്യാപ്തത, അറിവിന്റെ ആഴം, ക്രിയാത്മകമായി ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള ശക്തി, അവകാശങ്ങളെപ്പറ്റിയുള്ള അവബോധം, അറിവുള്ള പൗരന്മാരെ സൃഷ്ടിക്കാനുള്ള പ്രാപ്തി എന്നിവ ഏതൊരു സാമ്പത്തികലാഭത്തിനും മേലെയാണ്.
ഇപ്രകാരമുള്ള ലാഭം കണ്ടും തൊട്ടും അറിയാൻ വയ്യാത്ത പ്രതിഭാസമാണ്. വയനാട്ടിലെ ആദിവാസികളിൽ ഒരുവിഭാഗം, തങ്ങൾക്ക് സൗജന്യ അരി, റേഷൻ കട വഴി ലഭിക്കും എന്നത് റേഡിയോ വഴി കേട്ടറിഞ്ഞ് കടയുടമയോട് ചോദിച്ചു മേടിച്ച സംഭവം ഈ നൂറ്റാണ്ടിലേതാണ് .
മാറ്റത്തിനു മാത്രമേ സ്ഥിരതയുള്ളൂ എന്നു മനസിലാക്കി റേഡിയോ ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വിഷ്വൽ റേഡിയോ ആകുകയും കാലത്തിനൊപ്പം കരുതലായി കാതോരം എത്തുകയും ചെയ്താൽ ജനഹൃദയങ്ങളിലെ സ്വീകാര്യത കെടാതെ സൂക്ഷിക്കും.
യാത്രയ്ക്കിടയിൽ ഡ്രൈവിംഗിനെ ബാധിക്കാതെ സംഗീതം ആസ്വദിക്കുന്നതിനും, തത്സമയ വാർത്ത, വാണിജ്യ, കാലാവസ്ഥ, സ്പോർട്സ്, ഗതാഗത അപ്ഡേറ്റുകൾ ലഭ്യമാക്കുവാനും റേഡിയോയ്ക്കു മാത്രമേ കഴിയു. ലോക റേഡിയോ ദിനാചരണം പൊതുജനങ്ങളിലും മാധ്യമങ്ങളിലും പൊതുസേവന പ്രക്ഷേപണത്തിന്റെ മൂല്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും വർധിപ്പിക്കുകയും ചെയ്യുന്നു.
100 വർഷമായി പ്രസക്തിയോടെ അഭിപ്രായസ്വാതന്ത്ര്യം, വിവരം, വിനോദം, വിജ്ഞാനം എന്നിവയുടെ ഒളിമങ്ങാത്ത ശക്തിയായി തുടരുന്നത് റേഡിയോ പോലെയുള്ള പ്രധാന ബഹുജന ആശയവിനിമയ മാധ്യമത്തിന് ശ്രദ്ധേയമായ നേട്ടമാണ്. അടുത്ത നൂറ്റാണ്ടിലും റേഡിയോ, ബഹുജന ഹിതായ ബഹുജന സുഖായ (അനേകരുടെ സന്തോഷത്തിനായി, അനേകരുടെ ക്ഷേമത്തിനായി) ജനാധിഷ്ഠിത ബഹുജനമാധ്യമമായി അഭിമാനത്തോടെ മുന്നേറും. റേഡിയോയുടെ ശോഭന ഭാവിയെ സ്വാഗതം ചെയ്യാം.
റേഡിയോ ക്ലബ് ഓഫ് ബോംബെ ( മുംബൈ) ആദ്യമായി പ്രക്ഷേപണം ചെയ്തത് 1923 ജൂണിലാണ്. അതായത് ആകാശവാണി നിലവിൽ വരുന്നതിന് 13 വർഷം മുമ്പ്. നവജാത റേഡിയോയ്ക്ക് അക്കാലത്ത് പല വെല്ലുവിളികളും മരണാസന്നനിലയും തരണം ചെയ്യേണ്ടി വന്നു.
1936 ജൂൺ എട്ടിന് ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിംഗ് സർവീസ് ’ഓൾ ഇന്ത്യ റേഡിയോ’ ആയി. 1956ൽ ’ഓൾ ഇന്ത്യ റേഡിയോ’ ആകാശവാണി എന്ന പേരുകൂടി സ്വീകരിച്ചു. 2023 മേയ് മാസത്തിൽ ആകാശവാണി ’ഓൾ ഇന്ത്യ റേഡിയോ’ എന്ന പേര് ഒഴിവാക്കി. ഇന്ന് ആകാശവാണി എന്ന ഒറ്റപേരിൽ അറിയപ്പെടുന്നു.
100 വർഷമായി പ്രസക്തിയോടെ അഭിപ്രായസ്വാതന്ത്ര്യം, വിവരം, വിനോദം, വിജ്ഞാനം എന്നിവയുടെ ഒളിമങ്ങാത്ത ശക്തിയായി തുടരുന്നത് റേഡിയോ പോലെയുള്ള പ്രധാന ബഹുജന ആശയവിനിമയ മാധ്യമത്തിന് ശ്രദ്ധേയമായ നേട്ടമാണ്.
അടുത്ത നൂറ്റാണ്ടിലും റേഡിയോ, ബഹുജന ഹിതായ ബഹുജന സുഖായ (അനേകരുടെ സന്തോഷത്തിനായി, അനേകരുടെ ക്ഷേമത്തിനായി) ജനാധിഷ്ഠിത ബഹുജനമാധ്യമമായി അഭിമാനത്തോടെ മുന്നേറും. റേഡിയോയുടെ ശോഭന ഭാവിയെ സ്വാഗതം ചെയ്യാം.
തോമസ് ഡോമിനിക്
(സീനിയർ പ്രൊഡ്യൂസർ (റിട്ട.),
ആകാശവാണി