കരുനാഗപ്പളളി : റേഡിയോ ജോക്കി കിളിമാനൂർ മടവൂർ ആശാ നിവാസിൽ രാജേഷ് കുമാറി (34)ന്റെ കൊലപാതകം നടന്ന് രണ്ട് മാസം പിന്നിടുമ്പോഴും ഖത്തറിലുള്ള മുഖ്യ പ്രത്രിയും വ്യവസായിയുമായ ഓച്ചിറ പായിക്കുഴി സ്വദേശി അബ്ദുൽ സത്താറിനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാൻ കഴിയാതെ പോലീസ്. അന്വേഷണ സംഘത്തിന് മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞെങ്കിലും ഇയാളെ അറസ്റ്റ് ചെയ്യാനായില്ല.
കുറ്റപത്രം സമർപ്പിക്കാനുള്ള ആലോചനയിലാണ് പോലീസ് .കുറ്റവാളികളെ കൈമാറാനുള്ള രാജ്യാന്തര ഉടമ്പടി പ്രകാരം ഖത്തറിൽ നിന്ന് സത്താറിനെ നിയമപരമായി നാട്ടിലെത്തിക്കാനാകും. എന്നാൽ വ്യാപാരപരമായി ബദ്ധപ്പെട്ട് വൻ സമ്പത്തിക ബാദ്ധ്യതയുള്ളതിനാൽ ഇയാൾക്ക് ഖത്തറിലെ യാത്രാവിലക്കാണ് തടസമെന്നാണ് പറയപ്പെടുന്നത്.
സത്താറിനെ പ്രതിയാക്കിയത് സംബന്ധിച്ച് രേഖകളും മറ്റും ഉന്നത അന്വേഷണ ഉദ്യോഗസ്ഥർ വഴി ഖത്തറിലെ ഉദ്യോസ്ഥർക്ക് കൈമാറാനുള്ള ശ്രമം നടത്തുകയാണെന്ന് അന്വേഷണ സംഘത്തിലെ ഉയർന്ന ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ക്രൈംബ്രാഞ്ച് ഐ.ജിയുടെ നേത്യത്വത്തിലാണ് നടപടി.
എന്നാൽ യാത്ര വിലക്ക് അറസ്റ്റിനെ തടസമാകുമോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല . ബിസിനസ് പൂർണ്ണമായും തകർന്ന അബ്ദുൽ സത്താർ ഇടപാടുകൾ സ്വമേധയ തീർക്കാൻ കഴിയാത്ത സാഹചര്യത്തിലാണെന്നു പറയപ്പെടുന്നു. കഴിഞ്ഞ മാർച്ച് 27 ന് രാത്രി 1.45 ന് മടവൂർ ജംഗ്ഷനിൽ റെക്കോർഡിംഗ് സ്ഥാപനത്തിനു സമീപം വെച്ചാണ് രാജേഷ് (35) കൊല്ലപ്പെട്ടത്.
സുഹൃത്ത് കുട്ടനുമൊത്ത് കിളിമാനൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നാടൻ പാട്ട് അവതരണത്തിന് ശേഷം സ്റ്റുഡിയോയിൽ എത്തിയപ്പോയായിരുന്നു കാറിൽ എത്തിച്ച സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്.ഖത്തറിൽ റേഡിയോ ജോക്കിയായി ജോലി നോക്കിയിരുന്ന സമയത്ത് രാജേഷിന് അബ്ദുൽ സത്താറിന്റെ ഭാര്യയായ നൃത്ത അദ്ധ്യാപികയുമായുണ്ടായ അതിരുവിട്ട സൗഹൃദമാണ് കൊലപാതകത്തിന് കാരണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
സത്താറിൽ നിന്നും ക്വട്ടേഷൻ എറ്റെടുത്ത ഓച്ചിറ സ്വദേശി സാലിഹ് ബിൻ ജലാൽ, കായംകുളത്തെ ക്വട്ടേഷൻസംഘത്തലവൻ അപ്പുണ്ണി, കരുനാഗപ്പള്ളി പുത്തൻ തെരുവ് നീലിമ ജംഗ്ഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന തൻസീർ, മറ്റൊരു സുഹൃത്തായ കുണ്ടറയിൽ ചെറുമൂട് എൽ.എസ് നിലയത്തിൽ സ്വാതി സന്തോഷ് (സ്ഫടികം സന്തോഷ് -23) എന്നിവരാണ് അറസ്റ്റിലായ പ്രധാന പ്രതികൾ.
ഒളിവിൽ കഴിഞ്ഞ പ്രതികൾക്ക് പണം കൈമാറിയും മറ്റും സഹായിച്ച ഓച്ചിറ സ്വദേശി എ ബി.അപ്പുണ്ണിയുടെ സഹോദരി ഭർത്താവ് സുമേഷ്, അപ്പുണ്ണിയുടെ കാമുകി ഭാഗ്യശ്രീ, സത്താറിന്റെ വനിതാ സുഹൃത്ത് ഷിജിലാഷിഹാബ്, ഇവരുടെ സുഹൃത്ത് സെബല്ലേ ജോഷി എന്നിവരേയും അറസ്റ്റ് ചെയ്തിരുന്നു.ഇവർക്ക് പിന്നിട് കോടതി ജാമ്യം അനുവദിച്ചു.
കൊലപാതകത്തിന്റെ മുഖ്യ കണ്ണി ഖത്തറിലുള്ള വ്യാവസായിയെ നാട്ടിൽ എത്തിക്കാൻ അന്വേഷണം സംഘം വഴിതേടി കാത്തിരിക്കുകയാണ് .