തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതക കേസിലെ മുഖ്യപ്രതിയും ആസൂത്രകനുമായ സത്താറിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പോലീസ് ഉൗർജിതമാക്കി. ഖത്തറിൽ കഴിയുന്ന സത്താറിന്റെ യാത്രാവിലക്ക് മാറ്റാനും വിസ റദ്ദാക്കി നാട്ടിലെത്തിക്കാനും വേണ്ടിയുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. സത്താറിനെ നാട്ടിലെത്തിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായം തേടിയിട്ടുണ്ട്.
ഡിജിപിയുടെ അഭ്യർഥനയെ തുടർന്ന് വിദേശകാര്യവകുപ്പ് സത്താറിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ച് തുടങ്ങിയെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സത്താറിനെ ഒന്നാം പ്രതിയാക്കി പോലീസ് തയാറാക്കിയ എഫ്ഐആറിന്റെ പകർപ്പ് ഉൾപ്പെടെയുള്ള രേഖകൾ കേരളാ പോലീസ് കേന്ദ്ര ആഭ്യന്തരവകുപ്പ് മുഖേന ഖത്തർ അധികൃതർക്ക് സമർപ്പിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ സത്താറിനെതിരെയുള്ള യാത്രാവിലക്ക് റദ്ദാക്കാനുള്ള നടപടികൾ ഖത്തറിൽ പുരോഗമിക്കുകയാണെന്നാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജേഷിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പ്രതികളെയും ഇവർക്ക് സഹായം ചെയ്ത് കൊടുത്ത മുഴുവൻ പേരും അറസ്റ്റിലായിട്ടുണ്ട്.