റേഡിയോ ജോക്കിയുടെ കൊലപാതകത്തില്‍ ട്വിസ്റ്റ്, മുഖ്യപ്രതി അലിഭായ് പോലീസിന്റെ പിടിയില്‍, വിദേശത്തേക്കു രക്ഷപ്പെടാനുള്ള ശ്രമത്തില്‍ പോലീസിന്റെ നാടകീയ അറസ്റ്റ്

റേഡിയോ ജോക്കിയെ കൊല്ലപ്പെട്ടുത്തിയ കേസില്‍ മുഖ്യപ്രതിയെന്നു സംശയിക്കുന്ന അലിഭായ് പോലീസ് കസ്റ്റഡിയില്‍. അലിഭായി എന്ന സാലിഹ് ബിന്‍ ജലാലിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നുമാണ് പോലീസ് പിടികൂടിയത്. ഖത്തറില്‍ നിന്നാണ് അലിഭായി തിരുവനന്തപുരത്ത് എത്തിയത്. കൊലപാതകത്തിനുശേഷം കാഠ്മണ്ഡു വഴി ഇയാള്‍ ഖത്തറിലേക്ക് കടക്കുകയായിരുന്നു.

അലിഭായിയുടെ വീസ റദ്ദാക്കാന്‍ ഖത്തറിലെ സ്‌പോണ്‍സറോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് ഇയാള്‍ കേരളത്തില്‍ തിരിച്ചെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ നേരത്തെ പോലീസ് അസ്റ്റു ചെയ്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് റേഡിയോ ജോക്കി രാജേഷിനെ അക്രമി സംഘം മടവൂര്‍ ജംഗ്ഷനു സമീപത്തുവച്ചു വെട്ടിക്കൊലപ്പെടുത്തിയത്. രാജേഷിന്റെ ഓഫീസില്‍ അതിക്രമിച്ചു കയറിയായിരുന്നു ആക്രമണം. രാജേഷിന്റെ വിദേശത്തുള്ള വനിതാ സുഹൃത്തിന്റെ ഭര്‍ത്താവാണ് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയതിനു പിന്നിലെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.

കായംകുളം, എറണാകുളം എന്നിവിടങ്ങളിലുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ ആണ് കൊലപാതകത്തിനു പിന്നിലെന്ന നിഗമനവുമായാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. അക്രമി സംഘം എത്തുന്ന സമയത്ത് രാജേഷ് വിദേശത്തുള്ള വനിതാ സുഹൃത്തുമായി ഫോണില്‍ സംസാരിക്കുകയായിരുന്നുവെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Related posts