തിരുവനന്തപുരം: മടവൂരിൽ മുൻ റേഡിയോ ജോക്കിയും നാടൻപാട്ട് ഗായകനുമായ യുവാവിനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നു. മടവൂർ പടിഞ്ഞാറ്റ് ഏല ആശാനിവാസിൽ രാജേഷ് (35) നെയാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
മടവൂർ ജംഗ്ഷന് സമീപത്തെ രാജേഷിന്റെ നാടൻപാട്ട് സംഘത്തിന്റെ ഓഫീസിനകത്ത് വച്ചായിരുന്നു കൊലപാതകം. രാജേഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് കുട്ടനും വെട്ടേറ്റു. ഇയാളെ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമി സംഘത്തിന്റെ വെട്ടേറ്റ് കിടന്ന രാജേഷിനെ നാട്ടുകാരും പോലീസും ചേർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെ രാത്രി കടയ്ക്കൽ മുക്കന്നൂരിൽ പ്രോഗ്രാം കഴിഞ്ഞ ശേഷം മടവൂരിലെ ഓഫീസ് മുറിയിൽ വിശ്രമിക്കവെയായിരുന്നു ആക്രമണം. സ്വിഫ്ട് കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റ കുട്ടൻ പോലീസിൽ മൊഴി നൽകി. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് രാജേഷ്. ഭാര്യ രണ്ടാമത് ഗർഭിണിയാണ്.
കൊലപാതകത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമാണെന്നാണ് പോലീസിന്റെ നിഗമനം. രാജേഷ് റേഡിയോ ജോക്കിയായും പ്രോഗ്രാം അവതാരകനായും ഗായകനായും പ്രവർത്തിച്ച് വരികയായിരുന്നു . ഇന്നലെ ഉച്ചയ്ക്ക് രണ്ട് യുവാക്കൾ രാജേഷിനെ അന്വേഷിച്ച് എത്തിയിരുന്നുവെന്ന് നാട്ടുകാർ പോലീസിനോട് പറഞ്ഞു. പള്ളിക്കൽ പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. രാജേഷ് നേരത്തെ ഖത്തറിൽ റേഡിയോ ജോക്കിയായി ജോലി നോക്കിയിരുന്നു.