തിരുവനന്തപുരം: റേഡിയോ ജോക്കിയുടെ കൊലപാതകത്തിലെ മുഖ്യപ്രതി അലിബായി വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടന്നതായി പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിലെ രേഖകൾ പോലീസ് പരിശോധിക്കുകയാണ്. കേസിലെ മറ്റൊരു പ്രതി അപ്പുണ്ണിക്കായും തെരച്ചിൽ തുടരുകയാണ്.
വ്യാജപാസ്പോര്‍ട്ട് ഉപയോഗിച്ച് കാഠ്മണ്ഡു വഴി ഇരുവരും ഖത്തറിലേക്ക് കടന്നെന്നാണ് അന്വേഷണസംഘത്തിന് വിവരം ലഭിച്ചത്. വിദേശത്തു നിന്നും നാട്ടിൽ എത്തി കൊലപാതകത്തിൽ പങ്കാളികളായെന്ന സംശയത്തെ തുടർന്ന് ഇവർക്കെതിരേ ലുക്കൗട്ട് നോട്ടീസ് പോലീസ് പുറത്തിറക്കിയിരുന്നു.
കായംകുളം, എറണാകുളം എന്നിവിടങ്ങളിലുള്ള ക്വട്ടേഷൻ സംഘങ്ങൾ ആണ് കൊലപാതകത്തിനു പിന്നിലെന്ന നിഗമനവുമായാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെയാണ് റേഡിയോ ജോക്കി രാജേഷിനെ അക്രമി സംഘം മടവൂർ ജംഗ്ഷനു സമീപത്തു വച്ചു വെട്ടിക്കൊലപ്പെടുത്തിയത്.