ഉറുമീസ് കുത്തോട്ടുങ്കൽ
ചെറുവത്തൂർ: കാലം പുതിയ കാഴ്ചകൾക്ക് കണ്ണ് കൊടുത്തപ്പോഴും റേഡിയോയെ നെഞ്ചോട് ചേർത്ത ഗ്രന്ഥശാല പ്രവർത്തകനും കർഷകനായ പിലിക്കോട് പടുവളത്തെ കല്ലത്ത് കൃഷ്ണൻ റേഡിയോ സ്നേഹത്തിന് അന്പതാണ്ട്. രാവിലെ കൃഷിയിടത്തിലേക്കും പശുത്തൊഴുത്തിലേക്കും റേഡിയോയിലെ കാര്യങ്ങൾ കേട്ടറിഞ്ഞ ശേഷമാണ് ഇറങ്ങുക. തിരിച്ചെത്തിയാലും ഇതിനു മാറ്റമില്ല.
പിലിക്കോട്ടെ മലപ്പ്പാടാളം പാടശേഖരത്തിലും അറുവപ്പാടും വറക്കോട്ട് വയലിലും നെൽകൃഷിയുടെ ജോലികളിൽ വ്യാപൃതനായി തിരിച്ചെത്തിയാൽ വാർത്തയും വിശേങ്ങളും അറിയാൻ വീട്ടിലെ റേഡിയോ ആണ് ആശ്രയം. ചെറുപ്രായം മുതൽ ശബ്ദത്തിന്റെ മാസ്മരികത നിറക്കുന്ന റേഡിയോ ഹരമായിരുന്നു കൃഷ്ണന്. എന്നാൽ ഇപ്പോൾ പകൽ സമയം നെൽകൃഷി പണിയും കറവ പശുക്കളുടെ പരിപാലനവും കഴിഞ്ഞു വീട്ടിൽ നിന്നും നേരെ പടുവളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിആർസി ലൈബ്രറിയിലേക്കാണ്.
ഗ്രന്ഥാലയത്തിലെ ലൈബ്രേറിയനായി നാലു പതിറ്റാണ്ടായി പ്രവർത്തിച്ചു വരുന്നുണ്ട്. ഇവിടെ എത്തിയാൽ റേഡിയോ കേൾവി പുനരാരംഭിക്കും. ഗ്രന്ഥാലയത്തിലെ പഴയ വാൾവ് റേഡിയോ കേടായതിന്റെ സങ്കടം പങ്കുവെക്കുകയാണ് 63 കാരനായ കൃഷ്ണൻ. 1965 മുതൽ ഇവിടെ നാട്ടുകാർക്ക് പ്രിയപ്പെട്ട ശബ്ദ സാന്നിധ്യമായിരുന്നു വാൾവ് റേഡിയോ. 15വർഷത്തിലധികമായി കേടായി കിടക്കുകയാണ് ഇത്. പഴയ കാലത്ത് ഈ റേഡിയോയുടെ ശബ്ദം കോളാന്പി ഉപയോഗിച്ചു പുറത്തു കൂടി നിൽക്കുന്ന നാട്ടുകാർക്ക് അനുഭവവേദ്യമായിരുന്നു.
ആകാശവാണിയുടെ എല്ലാ വാർത്താ ബുള്ളറ്റിനുകളും കേൾക്കാൻ നിരവധി പേർ കാതോർത്തിരിക്കും. തെരഞ്ഞെടുപ്പ് വേളയിൽ അത് ഒന്ന് കൂടി കനക്കും. എന്നാൽ ഇന്ന് ഗ്രന്ഥാലയത്തിലെ ലൈബ്രേറിയന്റെ കസേരക്കടുത്ത് ബിപിഎൽ കന്പനിയുടെ റേഡിയോയിൽ നിന്നും കുറഞ്ഞ ശബ്ദത്തിൽ വിനോദവും വിജ്ഞാനവും പൊഴിക്കുന്നുണ്ടാവും.
വാണിജ്യ സ്റ്റേഷനുകളുടെ വരവോടെ അത്തരത്തിലുള്ള നിലയങ്ങൾ പെരുകിയത് നല്ലതാണെന്ന അഭിപ്രായമാണ് ഇദ്ദേഹത്തിനുള്ളത്. അവയ്ക്കും വിനോദവും വിജ്ഞാനവും പകരാൻ കഴിയുന്നുണ്ടെന്നാണ് കൃഷ്ണൻ പറയുന്നത്. കൊടക്കാട് തപാൽ ഓഫീസിൽ പോസ്റ്റ് വുമണാണ് ഭാര്യ ശകുന്തള. മക്കൾ മൂന്ന്പേരും വിവാഹിതരാണ്.