കോടാലി: മുരിക്കുങ്ങൽ സ്വദേശിയായ നടപ്പറന്പിൽ സുബ്രൻ എന്ന 75 കാരന് റേഡിയോ ഒരു വിനോദോപാധി മാത്രമല്ല പിരിയാത്ത കൂട്ടുകാരൻ കൂടിയാണ്.ഉറക്കത്തിലും ഉണർവിലും ചാരത്ത് റേഡിയോ ഉണ്ടാകണമെന്ന് സുബ്രന് നിർബന്ധമാണ്. കഴിഞ്ഞ നാലുപതിറ്റാണ്ടിലേറെയായി എപ്പോഴും റേഡിയോ കൂടെ കൊണ്ട ുനടക്കുന്ന സുബ്രനെ നാട്ടുകാർ കൗതുകവും ആദരവും കലർന്ന കണ്ണുകളോടെയാണ് നോക്കുന്നത്.
യൗവന കാലഘട്ടത്തിൽ കയ്യിലെടുത്ത റേഡിയോ വാർധക്യത്തിന്റെ അവശതകൾ അലട്ടുന്പോഴും താഴെ വെക്കാൻ സുബ്രൻ തയ്യാറല്ല. റേഡിയോയിൽ നിന്ന് ഒഴുകിവരുന്ന സംഗീതം സുബ്രന് ജീവിത താളമാണ്. പാട്ടുകളും വാർത്തകളും എന്നുവേണ്ട റേഡിയോയിൽ നിന്നുള്ള എല്ലാ പരിപാടികളും സുബ്രൻ കേൾക്കും.
ചെറുപ്പം മുതലേ റേഡിയോ കേൾക്കാൻ ഇഷ്ടപ്പെട്ടിരുന്ന സുബ്രൻ സ്വന്തമായി സന്പാദിച്ചുതുടങ്ങിയപ്പോൾ ആദ്യം ചെയ്തത് നല്ലൊരു റേഡിയോ വാങ്ങുകയായിരുന്നു. ഉറങ്ങുന്പോഴല്ലാതെ സുബ്രൻ റേഡിയോ ഓഫ് ചെയ്യാറില്ല. പണിക്കു പോകുന്നിടത്തെല്ലാം റേഡിയോ കൊണ്ട ുപോകുന്ന ശീലമാണ് സുബ്രനുള്ളത്. 75ാം വയസിലും കൊടകരയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ പണിയെടുക്കുന്ന സുബ്രൻ മാനേജരുടെ അനുമതിയോടെ സമീപത്ത് റേഡിയോ ഓണ്‍ ചെയ്തുവെച്ചാണ് ജോലി ചെയ്യുന്നത്.
രാത്രിയിൽ ജോലി കഴിഞ്ഞ് ബസിൽ നാട്ടിലിറങ്ങി വീട്ടിലേക്ക് നടക്കുന്പോഴും സുബ്രന്റെ കൈവശം ശബ്ദിക്കുന്ന റേഡിയോ ഉണ്ടാകും. കഴിഞ്ഞ നാലു പതിറ്റാണ്ട ിനിടെ മുപ്പതോളം റേഡിയോ സെറ്റുകൾ സുബ്രൻ വാങ്ങിയിട്ടുണ്ട ്. മൂന്നുവർഷം മുന്‍പ് വാങ്ങിയതാണ് ഇപ്പോൾ ഉപയോഗിക്കുന്ന റേഡിയോ. ഡിജിറ്റൽ യുഗത്തിലും റേഡിയോ തന്നെയാണ് ഈ വയോധികന് പ്രിയതരമായിട്ടുള്ളത്. വീട്ടിൽ ഭാര്യമാത്രമാണ് സുബ്രന് കൂട്ടിനുള്ളത്.