തിരുവനന്തപുരം: റേഡിയോ ജോക്കിയായിരുന്ന രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്ന സത്താറിനെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി. ഖത്തറിൽ കഴിയുന്ന സത്താറിന്റെ യാത്ര വിലക്ക് നീക്കുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ടുവെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. നാല് ലക്ഷം രൂപയുടെ ചേക്ക് കേസുള്ളതിനാലാണ് സത്താറിന് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ഖത്തറിൽ വ്യവസായിയായിരുന്ന സത്താറിന്റെ കുടുംബ ജീവിതം തകർത്തതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് കേസിലെ മുഖ്യപ്രതിയായ അലിഭായി ചോദ്യം ചെയ്യൽവേളയിൽ പറഞ്ഞിരുന്നു.
മുൻപ് ഖത്തറിൽ ജോലി ചെയ്യവേ രാജേഷ് സത്താറിന്റെ ഭാര്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. രാജേഷുമായുള്ള ബന്ധത്തിന്റെ പേരിൽ സത്താറിന്റെ ഭാര്യ സത്താറിൽനിന്ന് അകന്നു. ബിസിനസ് തകരുകയും സത്താർ കടക്കെണിയിലാകുകയും ചെയ്തു. പിന്നാലെ വിവാഹ മോചനം തേടുകയും ചെയ്തു.
ഇക്കഴിഞ്ഞ ഇരുപത്തിയേഴാം തീയതി പുലർച്ചെ രണ്ടോടെയാണ് റേഡിയോ ജോക്കിയും നാടൻപാട്ട് ഗായകനുമായ മടവൂർ സ്വദേശി രാജേഷിനെ റിക്കാർഡിംഗ് സ്റ്റുഡിയോയിൽ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്.