കൊച്ചി: ആരോഗ്യവകുപ്പില്‍ റേഡിയോളജി സ്പെഷാലിറ്റി കേഡറില്‍ വന്നിട്ട് മൂന്നു വര്‍ഷം പിന്നിടുമ്പോഴും വിജ്ഞാപനം ഇന്നും കടലാസിലൊതുങ്ങുന്നു. 2010 ല്‍ സ്പെഷാലിറ്റി കേഡർ നിലവില്‍ വന്നിട്ടും റേഡിയോളജി എന്ന വിഭാഗത്തില്‍ പരസ്പരം ബന്ധമില്ലാത്ത റേഡിയോ ഡയഗ്നോസിസ്, റേഡിയോ തെറാപ്പി എന്നീ രണ്ടു വിഭാഗങ്ങളേയും ഒരുമിച്ചാണ് കണക്കാക്കിയിരുന്നത്.
എംആര്‍ഐ സ്കാന്‍, സിടി സ്കാന്‍, യുഎസ്എസ് സ്കാന്‍ തുടങ്ങിയവ ചെയ്യുന്ന റേഡിയോ ഡയഗ്നോസിസ് വിഭാഗവും അര്‍ബുദ ചികിത്സയില്‍ റേഡിയേഷന്, കീമോതെറാപ്പി എന്നിവ നല്‍കുന്നതിനായി പരിശീലനം സിദ്ധിച്ചവരുടെ വിഭാഗമായ റേഡിയോ തെറാപ്പി വിഭാഗവും ഒരൊറ്റ സ്പെഷാലിറ്റി ആയാണ് കണക്കാക്കിയിരുന്നത്. ഇതു മൂലം രോഗികളായിരുന്നു കൂടുതല്‍ വിഷമിച്ചിരുന്നത്.
കാരണം സിടി സ്കാന്‍ ചെയ്യുന്ന ഡോക്ടര്‍ സ്ഥലം മാറി അടുത്ത ആശുപത്രിയിലെത്തുമ്പോള്‍ അവിടെ സിടി സ്കാന്‍ ഉപകരണത്തിനു പകരം അര്‍ബുദ ചികിത്സക്ക് റേഡിയേഷന് നല്കുന്ന ഉപകരണങ്ങളാകും ഉണ്ടാകുക. തുടര്‍ന്ന് റേഡിയോ ഡയഗ്നോസിസ്, റേഡിയോതെറാപ്പി ബൈഫര്‍ക്കേഷന്‍ നടപ്പാക്കാന്‍ കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷ(കെജിഎംഒഎ)ന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമായി 2021 ല്‍ സ്പെഷല്‍ റൂള്‍സ് ഭേദഗതിയിലൂടെ സര്‍ക്കാര്‍ ഉത്തരവിറക്കി.
എന്നാല്‍ മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറവും ഇതു കടലാസില്‍ മാത്രം ഒതുങ്ങുകയാണ്. പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലും റേഡിയോ ഡയഗ്നോസിസ് വിദഗ്ദ്ധന്റെ പൂര്‍ണ സമയ പോസ്റ്റ് സൃഷ്ടിക്കുന്നതിലൂടെ മാത്രമേ നിലവാരമുള്ള ചികിത്സ ഗര്‍ഭിണികള്‍ക്ക് ഉറപ്പാക്കാന്‍ കഴിയൂ. അതു പോലെ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ കാന്‍സര്‍ വിദഗ്ദ്ധന്റെയും റേഡിയോ ഡയഗ്നോസിസ് വിദഗ്ദ്ധന്റെയും സേവനവും ഉറപ്പു വരുത്തേണ്ടതുമുണ്ട്.
വിഷയത്തില്‍ പല തവണ അധികൃതര്‍ക്ക് കെജിഎംഒഎ കത്തുകള്‍ നല്‍കിയെങ്കിലും ഇതേ വരെ അതിന് പരിഹാരം ഉണ്ടായിട്ടില്ല. എംബിബിഎസ് പഠനത്തിനുശേഷം മൂന്നുവര്‍ഷം റേഡിയോ ഡയഗ്നോസിസ് എന്ന സ്പെഷാലിറ്റിയില്‍ ഉപരിപഠനം നടത്തിയ ഡോക്ടര്‍മാരാണ് ആധികാരികമായി സ്കാനിംഗ് പരിശോധന നടത്തേണ്ടതും വിശകലനം ചെയ്ത് റിപ്പോര്‍ട്ട് തയാറാക്കേണ്ടതും. അതില്‍ ഗൈനക്കോളജിസ്റ്റുകള്‍ക്ക് വൈദഗ്ദ്ധ്യവുമില്ല. അത് അവരുടെ ഉത്തരവാദിത്തവുമല്ല.
ആരോഗ്യവകുപ്പിന് കീഴിലുള്ള മിക്ക പ്രധാന ആശുപത്രികളിലും ഇന്ന് അള്‍ട്രാ സൗണ്ട് സ്കാനിംഗ് മെഷിന് ഉണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ചുരുക്കം ചില ആശുപത്രികളില്‍ മാത്രമാണ് റേഡിയോ ഡയഗ്നോസിസ് സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ തസ്തിക ഉള്ളത്. സ്കാനിങ് പരിശോധന വളരെ അത്യാവശ്യമായ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികളിലടക്കം ഇതാണ് സാഹചര്യം.
ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യങ്ങള്‍ കണ്ടെത്തുന്നതിനായി ചെയ്യേണ്ട ലവല്‍ 2 അള്‍ട്ര സൗണ്ട് സ്കാനിങ്ങ് നടത്തേണ്ടത് ഫീറ്റല്‍ മെഡിസിന് വിഭാഗത്തില്‍ പ്രത്യേകം പരിശീലനം സിദ്ധിച്ച ഗൈനക്കോളജിസ്റ്റുമാരോ റേഡിയോ ഡയഗ്നോസ്റ്റീഷ്യന്സോ ആണ്. വളരെ സൂക്ഷ്മമായി മണിക്കൂറുകള്‍ ചെലവിട്ട് ചെയ്യുന്ന പരിശോധനയാണ് ഇത്. സര്‍ക്കാര്‍ സംവിധാനത്തില്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ മാത്രമാണ് ഫീറ്റല്‍ മെഡിസിന് വിഭാഗം പ്രവര്‍ത്തിക്കുന്നത്.
കെട്ടിട സമുച്ചയങ്ങളും, നൂതന ഉപകരണങ്ങളും വര്‍ധിക്കുന്നതോടൊപ്പം ഓരോ ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ വൈദഗ്ദ്ധ്യം സിദ്ധിച്ച ജീവനക്കാര്‍ കൂടി ആശുപത്രികളില്‍ ഉണ്ടാകേണ്ടതുണ്ടെന്ന് കെജിഎംഒഎ ജനറല്‍ സെക്രട്ടറി ഡോ. പി.കെ. സുനില്‍, പ്രസിഡന്റ് ഡോ. ടി.എന്‍. സുരേഷ് എന്നിവര്‍ പറഞ്ഞു. കടുത്ത മാനവ വിഭവശേഷിക്കുറവ് നേരിട്ടു കൊണ്ടിരിക്കുന്ന ആരോഗ്യ വകുപ്പില്‍ അടിയന്തിരമായ ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ പൊതുജനങ്ങള്‍ക്ക് നിലവാരമുള്ള ചികിത്സ നല്കാന് ആവില്ലെന്നു ഭാരവാഹികള്‍ വ്യക്തമാക്കി.
- സീമ മോഹന്‍ലാല്‍