മുംബൈ: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് റഫാല്‍ വിമാനത്തില്‍ ആയുധപൂജ നടത്തിയതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഗാർഗെ രംഗത്ത്. രാജ്നാഥ് സിംഗിന്റെ നടപടി നാടകമാണെന്ന് ഗാർഗെ കുറ്റപ്പെടുത്തി. ബൊഫോഴ്സ് തോക്ക് വാങ്ങിയപ്പോള്‍ പ്രഹസനങ്ങളൊന്നും നടത്തിയില്ലെന്നും ഗാർഗെ ചൂണ്ടിക്കാട്ടി.
ഇത്തരം നാടകങ്ങളുടെ ആവശ്യമില്ല. തങ്ങൾ ബൊഫോഴ്സ് തോക്ക് വാങ്ങിയപ്പോൾ ആരും തന്നെ പോയിരുന്നില്ല. പ്രദർശനങ്ങളും നടത്തിയില്ല. ഇത്തരം ആളുകൾ വിമാനത്തിനകത്ത് കയറിയാണ് “ഷോ’ കാണിക്കേണ്ടത്- ഗാർഗെ പറഞ്ഞു. മുൻ ബിജെപി മന്ത്രിയും കോൺഗ്രസ് നേതാവുമായ ഉദിത് രാജും പ്രതിരോധമന്ത്രിയുടെ നടപടിയെ വിമർശിച്ചു.
അന്ധവിശ്വാസത്തിന്റെ ഭാഗമായി നടത്തിയ ചടങ്ങിനു ശേഷം ഇന്ത്യയെക്കുറിച്ച് ലോകം എന്ത് ചിന്തിക്കുമെന്ന് ഉദിത് രാജ് ചോദിച്ചു. ഫ്രാൻസിൽനിന്ന് റഫാൽ ജെറ്റ് വ്യോമസേനയുടെ ഭാഗമാകുമ്പോൾ നാരങ്ങയും നാളികേരവും ഇതിനെ സംരക്ഷിക്കും. ലോകം എന്താകും ചിന്തിക്കുക? ഉദിത് രാജ് ചോദിച്ചു.
റഫാൽ വിമാനം ഏറ്റുവാങ്ങിയപ്പോൾ രാജ്നാഥ് സിംഗ് ആയുധപൂജ നടത്തിയിരുന്നു. ചടങ്ങിന് എത്തിയ ആളുകളുടെ മുന്നിൽ അദ്ദേഹം വിമാനത്തിൽ ഓം എന്ന് എഴുതി. വിമാനത്തിനു മുന്നിൽ തേങ്ങ ഉടയ്ക്കുകയും പുഷ്പങ്ങൾ അർപ്പിക്കുകയും ചെയ്തു. അവസാനം വിമാനത്തിന്റെ ചക്രങ്ങൾക്ക് അടിയിൽ നാരങ്ങ വച്ചു. ഇതിനു ശേഷമാണ് വിമാനം മുന്നോട്ടെടുത്തത്.
രാജ്നാഥ് സിംഗ് നടത്തിയ ആയുധപൂജയിൽ മുതിർന്ന ഫ്രഞ്ച് സൈനികോദ്യോഗസ്ഥരും ദസോ കമ്പനിയുടെ ഉന്നത നേതൃത്വവും പങ്കെടുത്തു. ഇതിനു ശേഷം റഫാൽ വിമാനത്തിൽ രാജ്നാഥ് സിംഗ് 25 മിനിറ്റ് യാത്ര നടത്തി.