പത്തനംതിട്ട: സൗദി അറേബ്യയിൽ മരിച്ച മലയാളി യുവാവ് റഫീഖിന്റെ മൃതദേഹം വേഗത്തിൽ തന്നെ നാട്ടിലെത്തിക്കാനാകുമെന്ന് നോർക്ക റൂട്ട്സ് അധികൃതർ. കോന്നി കുമ്മണ്ണൂർ സ്വദേശി റഫീഖിന്റെ മൃതദേഹത്തിനു പകരമായി ശ്രീലങ്കൻ സ്ത്രീയുടെ മൃതദേഹം നാട്ടിലെത്തിച്ചത് വിവാദത്തിലായതിനേ തുടർന്നാണ് നോർക്കയുടെ ഇടപെടൽ.
കഴിഞ്ഞ ഫെബ്രുവരി 28ന് സൗദി അറേബ്യയിൽ ഹൃദയാഘാതത്തേ തുടർന്നു മരിച്ച റഫീഖിന്റെ മൃതദേഹം അടങ്ങിയതെന്ന പേരിലുള്ള പേടകം ബുധനാഴ്ച രാത്രിയാണ് നെടുന്പാശേരിയിലെത്തിച്ചത്. അവിടെ ബന്ധുക്കൾ ഏറ്റുവാങ്ങി ഇന്നലെ കുമ്മണ്ണൂർ പള്ളിയിൽ കബറടക്കത്തിനായി എടുക്കുന്പോഴാണ് മൃതദേഹം മാറിയവിവരം അറിയുന്നത്.
തുടർന്ന് ശ്രീലങ്കക്കാരിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു നീക്കിയിരിക്കുകയാണ്. ഇരു മൃതദേഹങ്ങളും സൗദി എയർപോർട്ടിൽ മാറിപ്പോയതാണെന്ന് വിവരം ലഭിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ റഫീഖിന്റെ മൃതദേഹം ശ്രീലങ്കയിൽ എത്തിയിട്ടുള്ള വിവരം കാർഗോ അധികൃതർക്കു ലഭിച്ചതായി പോലീസ് പറഞ്ഞു.