വിഴിഞ്ഞം: മൂന്നാമതൊരു കൊലപാതകത്തിന്റെ സംശയമുനയിൽ റഫീക്കയും മകൻ ഷെഫീക്കും. അന്വേഷണം കൂടുതൽ ഊർജിതമാക്കി പോലീസ്.
കല്ലുവെട്ടാൻ കുഴിക്കു സമീപം തുമ്പിളിയോടിൽ അഞ്ചര വർഷം മുൻപ് നടന്ന സ്ത്രീയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ ഇന്നലെ വൈകുന്നേരം വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി.
വീടിനു സമീപം സ്ത്രീ വീണു മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നു പോലീസ് പറഞ്ഞു.
ഇവരുടെ വീടിനു സമീപത്ത് റഫീക്കയും മകനും ആ കാലയളവിൽ താമസിച്ചിരുന്നു എന്ന വിവരത്തെ തുടർന്നാണ് അന്വേഷണമെന്നും പ്രാഥമിക അന്വേഷണത്തിൽ സംശയിക്കാനുള്ള സൂചനകളില്ലെങ്കിലും ചോദ്യം ചെയ്യലും അന്വേഷണവും തുടരുകയാണെന്നും വിഴിഞ്ഞം സിഐ പറഞ്ഞു.
പ്രതികൾ വിറ്റ സ്വർണം വീണ്ടെടുത്തു
വിഴിഞ്ഞം: മുല്ലൂരിൽ അയൽവാസിയായ വീട്ടമ്മ ശാന്തകുമാരിയെ വകവരുത്തിയ ശേഷം കവർന്നെടുത്ത ആഭരണങ്ങളുമായി നാടുവിടുന്നതിനിടയിൽ കൊലയാളികൾ ജ്വല്ലറിയിൽ വിറ്റ സ്വർണാഭരണം പോലീസ് വീണ്ടെടുത്തു.
വില്പനക്കായി രണ്ടു പ്രാവശ്യം വിഴിഞ്ഞത്തെ ജ്വല്ലറിയിൽ എത്തിയ അൽ അമീനെ ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ കടയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയാണ് സ്വർണം വീണ്ടെടുത്തത്.
കൊല നടത്തിയ ശേഷം രാവിലെ പതിനൊന്നോടെ ഓട്ടോയിൽ വിഴിഞ്ഞത്ത് എത്തിയ സംഘം ശാന്തകുമാരിയുടെ അരപവന്റെ മോതിരവും ഒരു പവന്റെ വളയും 45000 രൂപക്ക് വിറ്റിരുന്നു.
ഈ സമയം ഷഫീക്ക് ജ്വല്ലറിക്ക് മുന്നിൽ കാത്ത് നിന്നിരുന്നു. കിട്ടിയ പണവുമായി വാഹനത്തിൽ കിഴക്കേക്കോട്ടയിൽ എത്തിയ സംഘം ലോഡ്ജിൽ മുറിയെടുത്ത് വിശ്രമിച്ചു.
തുടർന്ന് ഉച്ചയ്ക്കുശേഷം റഫീക്കയുമായി വീണ്ടും വിഴിഞ്ഞത്ത് എത്തിയ അൽഅമീൻ അരപവന്റെ കമ്മലും അരപവന്റെ മാട്ടിയും ആദ്യം വിറ്റ അതേ ജ്വല്ലറിയിൽ തന്നെ 35000 രൂപക്ക് വിറ്റു.
പാലക്കാട് നിന്ന് പത്ത് വർഷങ്ങൾക്ക് മുൻപ് നാടുവിട്ട് വിഴിഞ്ഞത്തിന്റെ പല ഭാഗങ്ങളിൽ താമസിച്ചിരുന്ന അൽഅമീൻ നേരത്തെയും ഈ ജ്വല്ലറിയിൽ നിന്ന് സ്വർണം വാങ്ങുകയും വില്ക്കുകയും ചെയ്തിരുന്നതായി പോലീസ് പറയുന്നു.
ഈ പരിചയത്തിലാണ് കൊല നടത്തിയതറിയാതെ ജ്വല്ലറി ഉടമ അൽഅമീനിൽ നിന്ന് സ്വർണം വാങ്ങിയത്.
കിട്ടിയ പണം എല്ലാം കൂട്ടി കോഴിക്കോട് ബസിൽ അൽഅമീന്റെ നാട്ടിലേക്ക് മുങ്ങുന്നതിനിടയിലാണ് വിഴിഞ്ഞം പോലീസ് സഹസികമായി പിടികൂടുന്നത്.
ഫോൺ നമ്പർ മാറ്റി നൽകിയെങ്കിലും തലസ്ഥാനത്തെ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ അൽഅമീൻ യഥാർഥ പേര് തന്നെ നൽകിയതും പോലീസിന് തുണയായി.
പല സ്ഥലങ്ങളിലും മാറി മാറി താമസിച്ചിരുന്ന അൽഅമീൻ പോങ്ങുംമൂട്ടിലെ ഒരു ഹോട്ടലിലെ ക്ലീനിംഗ് സ്റ്റാഫായി ജോലി നോക്കിയിരുന്ന ഷഫീക്കുമായുള്ള പരിചയത്തിന്റെ പേരിലാണ് റഫീക്കയുടെ സംഘത്തിൽ കൂടിയത്.
കോവളത്തെ ബാലികയുടെ കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെങ്കിലും എല്ലാ കാര്യങ്ങളും അൽഅമീന് അറിയാമായിരുന്നുവെന്ന് പോലീസ് കരുതുന്നു.ഇന്നലെ രാവിലെ റഫീക്കയെയും ഷഫീക്കിനെയും സ്റ്റേഷനിൽ കൊണ്ടുവന്നെങ്കിലും ആൾക്കൂട്ടം ഒഴിവാക്കാൻ പോലീസിന്റെ നിരീക്ഷണശേഷം വിഴിഞ്ഞം സ്റ്റേഷൻ ജീപ്പിൽ അൽ അമീനെ മാത്രമാണ് ജ്വല്ലറിയിൽ എത്തിച്ചത്.
അര മണിക്കൂർ നീണ്ട തെളിവെടുപ്പിനും സ്വർണം വീണ്ടെടുക്കലിനും ശേഷം പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
നേരത്തെ പല സ്ഥലങ്ങളിലായി മാറിത്താമസിച്ചിരുന്ന സംഘം വീട്ടു സാധനങ്ങൾ ലോറിയിൽ കയറ്റി വാടക വീടുകളിൽ എത്തിച്ചിരുന്നു.
എന്നാൽ മുല്ലൂരിൽ ശാന്തകുമാരിയെ വക വരുത്താൻ നേരത്തെ പദ്ധതിയിട്ടവർ വീട്ടു സാധനങ്ങൾ പലർക്കായി കിട്ടിയ വിലയ്ക്ക് വിറ്റു.
ഒരു കട്ടിലും മറ്റു ചില വസ്തുക്കളും ശാന്തകുമാരിക്കും വിലയിട്ടു നൽകി. വില്പന നടത്തിയ വസ്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടിയും ഇന്നലെ ഉച്ചമുതൽ പോലീസ് ആരംഭിച്ചു.വിഴിഞ്ഞം സിഐ പ്രജീഷ് ശശിയുടെ മേൽനോട്ടത്തിലായിരുന്നു തെളിവെടുപ്പ്.