താനൂർ: സിപിഎം-മുസ്്ലിംലീഗ് സംഘർഷം നിലനിൽക്കുന്ന താനൂർ അഞ്ചുടിയിൽ ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ച സംഭവത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണം ശക്തമാക്കി. പ്രതികളെ തിരിച്ചറിഞ്ഞതായും നാലു പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നും പോലീസ് അറിയിച്ചു. അഞ്ചുടി സ്വദേശി കുപ്പന്റെപുരക്കൽ സൈതലവിയുടെ മകൻ ഇസ്ഹാഖ് എന്ന റഫീഖാണ് (36) കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി ഏഴര മണിയോടെ അഞ്ചുടി മദ്രസക്കു സമീപം വച്ചാണ് ഇസ്ഹാഖിനു വെട്ടേറ്റത്. യുവാവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്നു പോസ്റ്റുമോർട്ടം നടത്തും. വൈദ്യുതി നിലച്ച സമയത്താണ് അക്രമികൾ ഇസ്ഹാഖിനെ അക്രമിച്ചതെന്ന് പറയുന്നു. ഇരുട്ടിൽ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെട്ടേറ്റ നിലയിൽ ഇസ്ഹാഖിനെ കണ്ടത്. പരുക്കേറ്റ ഇയാളെ തിരൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് വൻ പോലിസ് സംഘം ക്യാംപ് ചെയ്യുന്നു.
കൊലപാതകത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ലീഗ് പ്രവർത്തകർ ആരോപിച്ചു.അഞ്ചുടിയിൽ മുസ്്ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തെ അപലപിക്കുന്നതായി സിപിഎം ജില്ല കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. നിഷ്ഠുരമായ കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ല. വ്യക്തിപരമായ പ്രശ്നങ്ങളും മുൻവൈരാഗ്യവുമാണ് കൊലയ്ക്ക് പിന്നിൽ എന്നാണ് മനസിലാക്കുന്നത്.
തീരദേശമേഖലയിൽ സംഘർഷം നിയന്ത്രിക്കാനും സമാധാന അന്തരീക്ഷം നിലനിർത്താനും സിപിഎമ്മും മുസ്്ലിം ലീഗും നടത്തിവരുന്ന കൂട്ടായപരിശ്രമങ്ങൾക്ക് ദൗർഭാഗ്യകരമായ ഈ സംഭവം വിഘാതമാകരുതെന്നും ജില്ല സെക്രട്ടറി ഇ.എൻ.മോഹൻദാസ് അഭ്യർഥിച്ചു.യാതൊരു പ്രകോപനവുമില്ലാതെ മുസ്്ലിം ലീഗ് പ്രവർത്തകനായ താനൂർ അഞ്ചുടി സ്വദേശി ഇസ്ഹാഖ് കൊല ചെയ്യപ്പെട്ട സംഭവത്തിൽ മുസ്്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നടുക്കവും പ്രതിഷേധവും രേഖപ്പെടുത്തി.
പോലീസ് വളരെ പെട്ടെന്ന് പ്രതികളെ പിടികൂടണമെന്നും മുസ്്ലിം ലീഗ് പ്രവർത്തകർ പ്രകോപിതരാവാതെ ആത്മസംയമനം പാലിക്കണമെന്നും തങ്ങൾ അഭ്യർത്ഥിച്ചു. ഈ സംഭവത്തിന്റെ പേരിൽ കൂടുതൽ അനിഷ്ട സംഭവങ്ങളുണ്ടാവാതിരിക്കാൻ സംഘടനാ നേതാക്കളും പോലീസും ശ്രദ്ധിക്കണമെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
മരിച്ച ഇസ്ഹാഖിന്റെ മാതാവ് കുഞ്ഞിമോൾ. ഭാര്യ: ആരിഫ.നൗഫൽ ഏകസഹോദരനാണ്.