തിരുവനന്തപുരം: വിഴിഞ്ഞത്ത് ഒരു വര്‍ഷം മുന്‍പ് നടന്ന 14കാരിയുടെ മരണത്തിലെ ദുരുഹത നീങ്ങി.
അയല്‍വാസിയെ കൊലപ്പെടുത്തി മൃതദേഹം തട്ടിന്‍പുറത്ത് വച്ച കേസിലെ പ്രതികളായ അമ്മയും മകനുമായ റഫീക്കാ ബീവി, മകൻ ഷഫീഖ് എന്നിവരാണ് ഈ കൊലപാതകവും നടത്തിയത്.
മകന് കാരണം ഒരു പെണ്ണ് ചത്തുവെന്ന് റഫീഖ ഒരിക്കല്‍ പറഞ്ഞിരുന്നതായി സാക്ഷി മൊഴി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകം തെളിഞ്ഞത്.
മകന് പീഡിപ്പിച്ച വിവരം പുറത്ത് പറയാതിരിക്കാനാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് റഫീഖ പോലീസിന് നല്കിയ മൊഴി.
കഴിഞ്ഞ ദിവസം ശാന്തകുമാരിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച അതേ ചുറ്റിക കൊണ്ടാണ് പെണ്‍കുട്ടിയുടെ തലയ്ക്ക് അടിച്ചതെന്നും റഫീഖ പോലീസിനോടു പറഞ്ഞു.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള വാടക വീട്ടില്‍ റഫീഖ ബീവിയും മകനും രണ്ടു വര്‍ഷത്തോളം താമസിച്ചിരുന്നു.
കഴിഞ്ഞ ജനുവരി 13നാണ് പെണ്‍കുട്ടിയെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. അന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ മുന്നില്‍ നിന്നത് റഫീഖ ബീവിയായിരുന്നു. പക്ഷെ പെണ്‍കുട്ടി മരിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് 30ല്‍ അധികം പേരെ അന്ന് പോലീസ് ചോദ്യം ചെയ്തിരുന്നു. പക്ഷെ കേസില്‍ തുമ്പൊന്നും ലഭിച്ചിരുന്നില്ല.
മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്ന പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വീണ്ടും നടന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥൻ സ്ഥലം മാറിപ്പോയത് കേസിനെ കാര്യമായി ബാധിച്ചിരുന്നു.
മരിക്കുന്നതിന് തലേന്ന് രാത്രിയിൽ കുട്ടി ഓൺലൈൻ ക്ലാസിൽ പങ്കെടുത്തിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
കൂടാതെ അന്ന് തന്നെ കുട്ടി സമീപവീടുകളിൽ ചെന്നിരുന്നതായി പ്രദേശവാസികളും മൊഴി നൽകിയിരുന്നു. ഇതിനിടയിൽ ഇവിടെ നിന്നും റഫീഖാ ബീവിയും മകനും വീട് മാറി പോവുകയായിരുന്നു.
കഴിഞ്ഞ ദിവസം മുല്ലൂർ ശാന്താസദനത്തിൽ ശാന്തകുമാരി (75) യുടെ മൃതദേഹമാണ് സമീപത്തെ വീടിന്റെ തട്ടിൻപുറത്ത് കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ശാന്തകുമാരിയുടെ അയൽപക്കത്ത് വാടകയ്ക്ക് താമസിച്ചിരുന്നു റഫീക്കാ ബീവി(50), മകൻ ഷഫീഖ്(23), സുഹൃത്ത് അൽ അമീൻ(26) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ശനിയാഴ്ച രാവിലെയാണ് വീടിന്റെ തട്ട് പൊളിച്ച് പോലീസ് മൃതദേഹം പുറത്തെടുത്തത്. വെള്ളിയാഴ്ച രാവിലെ എട്ടിനും പത്തിനുമിടയ്ക്കാണ് ശാന്തകുമാരി കൊലചെയ്യപ്പെട്ടതെന്ന് പോലീസ് പറഞ്ഞു
കോവളം തീരത്ത് ജോലിക്കെത്തിയ അൽഅമീൻ ഷഫീഖുമായി സൗഹൃദത്തിൽ ആകുകയും തുടർന്ന് റഫീഖയെ പരിചയപ്പെടുകയും ഇവർക്ക് ഒപ്പം മുല്ലൂരിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
ഒരാഴ്ച മുൻപ് റഫീഖയും അൽഅമീനും തമ്മിൽ വഴക്കിടുകയും തുടർന്ന് വീടിന്റെ വാതിലും മറ്റും കേടുപാടുകൾ വരുത്തിയിരുന്നു. ഇതോടെ വീട്ടുടമ ഇവരോട് വീട് ഒഴിയാൻ ആവശ്യപ്പെട്ടു.
വീട് ഒഴിയുന്നതിന് മുന്നോടിയായി വീട്ടിലുണ്ടായിരുന്ന പാത്രങ്ങൾ ഉൾപ്പടെയുള്ള സാധനങ്ങൾ കൊല്ലപ്പെട്ട ശാന്തകുമാരിക്ക് റഫീഖ വിറ്റിരുന്നു.
ഇതിന്റെ കാശ് കൊടുക്കാൻ വീട്ടിൽ എത്തിയ ശാന്തകുമാരിയെ പ്രതികൾ കഴുത്തിൽ ഷാൾ മുറുക്കി തലയ്ക്ക് ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു
ഇവരുടെ ശരീരത്തിലുണ്ടായിരുന്ന ഏഴു പവനോളം ആഭരണങ്ങൾ പ്രതികൾ കൈക്കലാക്കി. പിന്നീട് മൃതദേഹം തട്ടിൻപുറത്ത് ഒളിപ്പിക്കുകയായിരുന്നു.
കൊലപാതകം നടന്ന വീടിന്റെ സമീപത്ത് പിഎസ്സി കോച്ചിംഗിനെത്തിയ വിദ്യാർഥിയാണ് വീടിന്റെ വാതിലിൽ താക്കോൽ ഇരിക്കുന്നത് കണ്ട് സംശയം പരിശോധിച്ചപ്പോൾ രക്തത്തുള്ളികൾ കണ്ടു. ഇതോടെ സമീപവാസികളെ വിളിച്ചു വരുത്തി പരിശോധിച്ചപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ശാന്തകുമാരിയുടെ ഭർത്താവ് നാഗപ്പൻ 35 വർഷം മുന്‍പ് മരിച്ചുപോയിരുന്നു. പട്ടാന്പിയിലേക്കു പോകുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്.