റഫീഖിന്റെ ഹൈടെക് തട്ടിപ്പ്! വിവിധ രീതിയിലുള്ള ഹെയര്‍സ്റ്റൈല്‍; കറക്കം ആഡംബര കാറുകളില്‍; ഇരയായവരില്‍ നിരവധി പെണ്‍കുട്ടികളും; തട്ടിപ്പിന്റെ രീതി ഇങ്ങനെ…

rafeeqകാട്ടൂര്‍: ഹൈടെക് തട്ടിപ്പുകേസില്‍ ഒന്നാംപ്രതിയും സൂത്രധാരനുമായയാളെ പോലീസ് അറസ്റ്റുചെയ്തു. അന്വേഷണത്തിനിടെ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ വാടാനപ്പള്ളി ശാന്തിറോഡ് സ്വദേശി അമ്പലത്ത് വീട്ടില്‍ റഫീഖി (23)നെയാണ് ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.

കാട്ടൂര്‍ സ്വദേശിയുടെ സ്വര്‍ണാഭരണങ്ങള്‍ ചതിയിലൂടെ കൈക്കലാക്കിയ കേസിലും, അരിപ്പാലം സ്വദേശിയായ യുവാവിന്റെ ഹ്യുണ്ടായ് കാര്‍ സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞുവിശ്വസിപ്പിച്ച് തട്ടിയെടുത്ത കേസിലുമാണ് ഇയാളെ അറസ്റ്റുചെയ്തത്. ഇയാളില്‍നിന്ന് ആറരപവന്‍ സ്വര്‍ണവും കാറും കണ്ടെടുത്തു.

പാലക്കാട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഒളിവിലായിരുന്ന പ്രതി തൃശൂരിലെത്തിയതറിഞ്ഞു പിടികൂടാനെത്തിയ പോലിസ് സംഘത്തെ കണ്ട് റഫീഖ് കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന്  പ്രതിയെ അതിസാഹസികമായി പിന്‍തുടര്‍ന്നു പിടികൂടുകയായിരുന്നു. ഇയാളുടെ കൂട്ടാളികളായ ഹാരിസ്, സലാം, ഷെമിര്‍ എന്നിവരെ മുമ്പ് അറസ്റ്റുചെയ്തിരുന്നു.

ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ബ്യൂട്ടീഷനായ പ്രതി വിവിധ രീതിയില്‍ ഹെയര്‍സ്റ്റൈലുകള്‍ മാറ്റി വാടകയ്ക്ക് എടുക്കുന്ന ആഡംബര കാറുകളില്‍ കറങ്ങി താന്‍ ആര്‍കെ ഗ്രൂപ്പിന്റെ എംഡിയാണെന്നും വിദേശത്തുനിന്നും ലീവിനു വന്നിരിക്കുകയാണെന്നും പറഞ്ഞ് വിശ്വസിപ്പിക്കും. പിന്നീട് വിദേശത്തു പുതിയതായി ആരംഭിക്കുന്ന സ്ഥാപനത്തിലേക്കു യുവാക്കളെയും പെണ്‍കുട്ടികളേയും ജോലിക്കായി എടുക്കുന്നുണ്ടെന്നും വിസ നല്കാമെന്നും പറഞ്ഞ് പണവും പാസ്‌പോര്‍ട്ടിന്റെ കോപ്പിയും ഫോട്ടോകളും വാങ്ങി മുങ്ങുകയും ചെയ്തതായി പോലീസ് പറഞ്ഞു.

ഈ പാസ്‌പോര്‍ട്ട് കോപ്പികളും ഫോട്ടോയും കാണിച്ച് പുതിയ സിം കാര്‍ഡുകള്‍ എടുക്കുകയും ചെയ്യും. കൂടാതെ എന്‍ജിനീയര്‍മാരെ സമീപിച്ച് ഏതെങ്കിലും ഒഴിഞ്ഞ പറമ്പുകള്‍ കാണിച്ച് തനിക്ക് വീടുപണി ആരംഭിക്കണമെന്നും പറഞ്ഞ് പണം തട്ടുകയും ചെയ്യും. വാടകയ്‌ക്കെടുക്കുന്ന വാഹനത്തിന്റെ ഉടമസ്ഥര്‍ വാഹനവും പണവും കിട്ടാതെ അന്വേഷിക്കുന്നുണ്ടെന്ന് അറിഞ്ഞാല്‍ വാഹനം വഴിയില്‍ ഉപേക്ഷിച്ചു മുങ്ങുന്നതും പതിവാണ്.

വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രതി താന്‍ അവിവാഹിതനാണെന്നും പറഞ്ഞ് പെണ്‍കുട്ടികളെ വിശ്വസിപ്പിച്ച് അവരുടെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി മുങ്ങുകയും ചെയ്യാറുണ്ടെന്നു പോലീസ് പറഞ്ഞു. പ്രതിക്കു സ്ഥിരമായി താമസസ്ഥലമില്ലാത്തതും സിം കാര്‍ഡുകള്‍ മാറിമാറി ഉപയോഗിക്കുന്നതും പല പേരുകള്‍ പറഞ്ഞിരുന്നതും മൂലം ഇയാളെക്കുറിച്ചുള്ള പരാതികള്‍ പോലീസിനു തലവേദനയായിരുന്നു. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ പരാതികള്‍ നിലനില്‍ക്കുന്നുണ്ടെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം ആര്‍ഭാട ജീവിതത്തിനും വഴിവിട്ട ബന്ധങ്ങള്‍ക്കുമാണ് ഉപയോഗിച്ചിരുന്നത്. ഇരകളെ തട്ടിപ്പിനുശേഷം ശബ്ദം മാറ്റി ഫോണില്‍ വിളിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥനാണെന്നോ എംഎല്‍എ ഓഫീസില്‍നിന്നാണെന്നോ പറഞ്ഞ് പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യും.

കാട്ടൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ മനു വി. നായര്‍, സീനിയര്‍ സിപിഒമാരായ മുരുകേഷ് കടവത്ത്, കെ.എ. ഹബീബ്, കെ.പി. സുധീര്‍, അബ്ദുള്‍ സത്താര്‍, സിപിഒമാരായ പി.വി. രാജു, എം.എ. ഷിഹാബ്, എ.വി. വിനോഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇരിങ്ങാലക്കുട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related posts