ഭൂമാഫിയ വളരെ ശക്തമാണ് കേരളത്തില്‍. സ്ഥലങ്ങള്‍ വാങ്ങി മണ്ണെടുത്ത് ആ നാടിനെ തന്നെ നശിപ്പിക്കുന്നവരാണ് മണ്ണ് മാഫിയയില്‍പ്പെട്ടവര്‍. നമ്മുടെ നാടിന്റെ പലഭാഗങ്ങളും ഇത്തരത്തില്‍ നശിപ്പിക്കപ്പെട്ടു. എന്നാല്‍ ഒരുകൂട്ടം പ്രകൃതി സ്നേഹികളും നന്മനിറഞ്ഞ മനുഷ്യരും ചേര്‍ന്ന് ഒരു ഗ്രാമത്തിലെ കാവിന് അടുത്തുള്ള 36 സെന്റ് സ്ഥലം സംരക്ഷിച്ച സംഭവം പറയുകയാണ് ഗാനരചയിതാവ് റഫീഖ് അഹമ്മദ്.
റഫീഖ് പറയുന്നതിങ്ങനെ- ഞങ്ങള്‍ ഞങ്ങളുടെ കൊച്ചുഗ്രാമത്തില്‍ നടപ്പാക്കിയ എളിയ ഒരു സംഗതി ഉണ്ട്. ഭൂമിയെ സ്നേഹിക്കുന്നവര്‍ക്കായി പങ്കുവെയ്ക്കട്ടെ. അക്കിക്കാവിനടുത്ത് നോങ്ങല്ലൂര് എന്ന ഗ്രാമത്തില്‍ ഒരു ദരിദ്രകുടുംബത്തിന് അവരുടെ 36 സെന്റ് സ്ഥലം വില്ക്കേണ്ടതായ അത്യാവശ്യമുണ്ടായി. ഒരു കാവിനോട് ചേര്‍ന്നതായതിനാല്‍ ന്യായമായ വിലയ്ക്ക് അത് വാങ്ങാന്‍ ആരും തയാറായില്ല.
അതിലേക്ക് മണ്ണ് മാഫിയ ഇടപെട്ടു. മണ്ണ് കച്ചവടമാക്കിക്കോളാം എന്ന വര് തയ്യാറായി ഈയൊരു ഘട്ടത്തില്‍ പ്രമോദ് എന്ന ഒരു പരിസ്ഥിതി പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ കുറച്ചു പേര് സംഘടിച്ചു. കേരളത്തില്‍ എവിടെയൊക്കെയോ ഉള്ള മുപ്പതോളം പേര് ചേര്‍ന്ന് ആ സ്ഥലം വാങ്ങി. ഓരോരുത്തര്‍ക്കും 5000 രൂപ മാത്രമേ എടുക്കേണ്ടി വന്നുള്ളു.
വെറുതെ ഒരു കമ്പിവേലി കെട്ടി ആസ്ഥലം സസ്യജാലങ്ങള്‍ക്കും കിളികള്‍ക്കും മറ്റു ജന്തുക്കള്‍ക്കുമായി വിട്ടുകൊടുത്തു. ഇത്രയും പേര് ഉള്‍പ്പെട്ടതായതിനാല്‍ ആ സ്ഥലം ഒരാള്‍ക്കും കൈമാറ്റം ചെയ്യാനോ മറ്റെന്തെങ്കിലും ചെയ്യാനോ പറ്റില്ല. ഭൂമിയിലെ ഓരോ ഇഞ്ചും ഹോമോസാപ്പിയന്‍ കൈവശപ്പെടുത്തുമ്പോള്‍ ഒരു തുണ്ട് മറ്റു സ്പീഷീസിനു വേണ്ടി മാറ്റിവെയ്ക്കുക എന്ന വിചാരത്തിലാണ് ഇത് ഏറ്റെടുത്ത് നടത്തിയത്. മറ്റ് ഇടങ്ങളിലും സ്വീകരിക്കാവുന്ന ഒരു രീതിയാണെന്ന വിശ്വാസത്തോടെയാണിത് പോസ്റ്റുന്നത്.