സ്വന്തം ലേഖകൻ
ഗുരുവായൂർ: മലയാള കവിതയ്ക്കും സിനിമയ്ക്കും മികച്ച കവിതകളും ഗാനങ്ങളും സമ്മാനിച്ച കവിയും ഗാനരചയിതാവുമായ റഫീക് അഹമ്മദ് തിരക്കഥാകൃത്താകുന്നു. കവിത പിറന്ന തൂലികയിൽ ഇനി തിരക്കഥ വിരിയും.
റഫീക്ക് അഹമ്മദിന്റെ ആദ്യ തിരക്കഥാ രചന ഗുരുവായൂർ അന്പലനടയിൽ കണ്ണന്റെ തിരുനടയിൽ നിന്ന് തുടങ്ങി. വിജീഷ് മണി സംവിധാനം ചെയ്യുന്ന ഹിന്ദി സിനിമയുടെ തിരക്കഥയാണ് റഫീക്ക് അഹമ്മദ് നിർവ്വഹിക്കുന്നത്.
ബോളിവുഡിലെ പ്രശസ്ത സംവിധായകൻ അബ്ബാസ് മസ്താന്റെ മകൻ നായകനായെത്തുന്ന സിനിമയുടെ പ്രമേയം പ്രണയമാണ്.
രാവിലെ ക്ഷേത്രനടയിൽവച്ച് സംവിധായകൻ വിജഷ് മണി എഴുത്ത് സാമഗ്രികൾ റഫീക്ക് അഹമ്മദിന് നൽകി ചടങ്ങ് നിർവ്വഹിച്ചു. ബാബുരാജ് ഗുരുവായൂർ സന്നിഹിതനായിരുന്നു.
കേരള സാഹിത്യ അക്കാദമി പുരസ്കാരവും സംസ്ഥാന സർക്കാരിന്റെ മികച്ച ചലചിത്രഗാനരചയിതാവിനുള്ള പുരസ്കാരവും റഫീക്ക് അഹമ്മദിന് ലഭിച്ചിട്ടുണ്ട്.
കുന്നംകുളം അക്കിക്കാവ് സ്വദേശിയായ റഫീക്ക് അഹമ്മദ് ഗർഷോം എന്ന ചിത്രത്തിലെ ഗാനങ്ങളെഴുതിയാണ് ഗാനരചന തുടങ്ങിയത്.
പ്രണയവും വിരഹവുമെല്ലാം നിറഞ്ഞ ഗാനങ്ങളും കവിതകളും കൊണ്ട് മലയാളഭാഷയെ സന്പന്നമാക്കിയ റഫീക്ക് അഹമ്മദിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന സിനിമക്കായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.