ലണ്ടൻ: മുപ്പത്തൊന്നുകാരനായ ഫ്രഞ്ച് താരം റാഫേൽ വരാനെ പ്രഫഷണൽ ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. പരിക്കിനെത്തുടർന്ന് കാൽമുട്ട് ശസ്ത്രക്രിയയുൾപ്പെടെ ചെയ്യേണ്ടിവന്നിരുന്നു. ഈ വർഷം ജൂലൈയിൽ ഇറ്റാലിയൻ ക്ലബ്ബായ കോമോയിലേക്ക് ചേക്കേറിയെങ്കിലും ഓഗസ്റ്റിൽ കോപ്പ ഇറ്റാലിയ മത്സരത്തിന്റെ ആദ്യപകുതിയിൽ മുട്ടിനേറ്റ പരിക്കിനെത്തുടർന്ന് കളംവിട്ടു.
ഫ്രഞ്ച് ക്ലബ്ബായ ലെൻസിലൂടെയാണ് വരാനെ പ്രഫഷണൽ അരങ്ങേറ്റം നടത്തിയത്. സ്പാനിഷ് വന്പന്മാരായ റയൽ മാഡ്രിഡ്, ഇംഗ്ലീഷ് ഗ്ലാമർ ടീം മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്സി എന്നിവയ്ക്കുവേണ്ടി കളിച്ചു. ക്ലബ് കരിയറിൽ 480 മത്സരങ്ങളിൽനിന്ന് 21 ഗോൾ ഈ സെന്റർ ബാക്ക് താരം സ്വന്തമാക്കി. ഫ്രാൻസിനായി 93 മത്സരങ്ങളിൽ ബൂട്ടണിഞ്ഞു, അഞ്ചു ഗോൾ നേടി.
ഫ്രാൻസ് 2018 ഫിഫ ലോകകപ്പ് നേടിയപ്പോഴും 2022 ലോകകപ്പ് ഫൈനലിൽ കളിച്ചപ്പോഴും ടീമിന്റെ നിർണായക സാന്നിധ്യമായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം എഫ്എ കപ്പും റയൽ മാഡ്രിഡിനൊപ്പം നാല് യുവേഫ ചാന്പ്യൻസ് ലീഗ്, മൂന്നു ലാ ലിഗ, നാലു ഫിഫ ക്ലബ് ലോകകപ്പ് തുടങ്ങി 22 ട്രോഫികളിൽ പങ്കാളിയായി.