തിരുവനന്തപുരം: കോവിഡിനെപ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ ക്രമീകരണം ഏറെ ഫലപ്രദമായി നടപ്പാക്കി വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.
എല്ലാവരും പൂർണസമയം വീടുകളിൽ കഴിയണം. ആവശ്യമില്ലാതെ പുറത്തിറങ്ങിയാൽ കർശനമായ നടപടികൾ നേരിടേണ്ടിവരും. മരുന്നു വാങ്ങുന്നതിനും ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായവർക്ക് ഭക്ഷണം ഉൾപ്പെടെയുള്ളവ നല്‍കുന്നതിനും മാത്രമാണ് പുറത്തിറങ്ങുന്നതിന് ഇളവ്.
ഒരു കുടുംബവും പട്ടിണി കിടക്കരുത്. രോഗികളായി വീടുകളിൽ കിടക്കുന്നവർക്ക് മരുന്നും ഭക്ഷണവും ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങൾക്കാണ്.
അവശ്യയാത്രയ്ക്ക് ജില്ലാ ഭരണസംവിധാനം താത്കാലിക കാർഡ് നല്‍കണം. ഓണ്‍ലൈനിൽ അപേക്ഷിച്ചാൽ ഉടൻ കാർഡ് ലഭ്യമാക്കണം.
രോഗികളുമായി പോകുന്ന വാഹനത്തിന് ഇളവ്
സ്വകാര്യ വാഹനത്തിൽ ഡ്രൈവറെ കൂടാതെ ഒരാൾ മാത്രമേ പാടുള്ളൂ എന്നതിൽ രോഗികളുമായി പോകുന്ന വാഹനങ്ങൾക്ക് ഇളവ്.
പല രോഗികളേയും എടുത്തു കൊണ്ടും വാഹനത്തിൽ കിടത്തിക്കൊണ്ടും പോകേണ്ടതായി വരും. അത്തരം സാഹചര്യത്തിൽ ഒരാളെക്കൊണ്ട് കൈകാര്യം ചെയ്യാൻ സാധിക്കില്ല. ഇത്തരത്തിൽ രോഗികളുമായി പോകുന്ന വാഹനത്തിലെ ആളുകളുടെ കാര്യത്തിൽ ഇളവ് ഉണ്ടാകും.
താത്കാലിക ആവശ്യത്തിനായി നിലവിൽ പ്രവർത്തിക്കാത്ത സ്വകാര്യ ആശുപത്രികൾ ഏറ്റെടുക്കും. അടിയന്തര ഘട്ടമുണ്ടായാൽ കത്തോലിക്കാ സഭയുടെ ആശുപത്രികൾ വിട്ടുനല്‍കാമെന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഇതിൽ അദ്ദേഹത്തെ നേരിട്ട് അഭിനന്ദിച്ചിരുന്നു. ഇത്തരത്തിലുള്ള നിലപാടുകൾ സ്വാഗതാർഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാഹന പരിശോധന ഇന്നു മുതൽ കർശനം
തിരുവനന്തപുരം: സംസ്ഥാനത്തു നിരോധനം ലംഘിച്ചു യാത്ര ചെയ്യുന്നവർക്കെതിരെ ഇന്നു മുതൽ കർശന നടപടികൾ സ്വീകരിക്കും. വ്യക്തമായ കാരണങ്ങൾ കൂടാതെയും നിർദേശം ലംഘിച്ചും യാത്ര ചെയ്യുന്നവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ ഡിജി പി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി.
ന്യായമായ ആവശ്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ അനുവദിക്കൂ.
സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ സത്യവാങ്മൂലം ഹാജരാക്കിയാൽ മാത്രമേ യാത്ര തുടരാൻ അനുവദിക്കൂ. സത്യവാങ്മൂലം പരിശോധിച്ചശേഷം പോലീസ് ഇതു മടക്കി നൽകും. യാത്ര ചെയ്യുന്ന ആൾ ഒഴികെ മറ്റാരും സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തേണ്ടതില്ല.