റാഫിയുടെ സ്ക്രിപ്റ്റിൽ നാദിർഷ ആദ്യമായി സംവിധാനം ചെയ്ത ത്രില്ലർ കോമഡി വൺസ് അപ് ഓൺ എ ടൈം ഇൻ കൊച്ചി തിയറ്ററുകളിലേക്ക്. റാഫിയുടെ മകൻ മുബിൻ എം. റാഫിയും അർജുൻ അശോകനുമാണ് ചിത്രത്തിലെ നായകന്മാർ. ചിത്രം പക്കാ കോമഡിയല്ലെന്നും പക്കാ എന്റർടെയ്നർ ആണെന്നും നാദിർഷ രാഷ്്ട്രദീപികയോടു പറഞ്ഞു.
റാഫിക്ക ഗുരുസ്ഥാനത്ത്
കലൂര്‍ കവിത കലാകേന്ദ്രം, റെഡ് സ്റ്റാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് എന്നിവയുടെ കലാമത്സരവേദികളിലാണ് റാഫിക്കയെ കണ്ടുമുട്ടുന്നത്. റാഫിക്ക എന്റെ സീനിയറാണ്. മിമിക്രിയിലും മോണോആക്ടിലും റാഫിക്കയും. ലളിതഗാനത്തിലും പദ്യപാരായണത്തിലും ഞാനും. പിന്നീടു സിനിമകള്‍ ചെയ്തപ്പോൾ സിദ്ധിക് ലാലിന്റെ ജൂണിയറായിരുന്നു റാഫി-മെക്കാര്‍ട്ടിന്‍. അവരുടെ ജൂണിയറായിരുന്നു ഞാന്‍. മിമിക്രിയിലെ മൂന്നാം തലമുറ. വാസ്തവത്തില്‍ അദ്ദേഹം എനിക്കു ഗുരുസ്ഥാനത്താണ്. കാരണം, അവരുടെ സിനിമകള്‍ കണ്ട് റാഫിക്കയോടു പലതവണ സ്ക്രിപ്റ്റ് ചോദിച്ചിട്ടുണ്ട്.
റാഫി-നാദിർഷ
ഈശോയില്‍ എന്റെ ചീഫ് അസോസിയേറ്റായിരുന്ന സൈലക്സ് ഏബ്രഹാമാണ് ഞങ്ങളുടെ ഈ കൂടിച്ചേരലിനു പിന്നില്‍. സൈലക്സിനു വേണ്ടി ഒരു സ്ക്രിപ്റ്റ് റാഫിക്ക കൊടുക്കാമെന്നു പറഞ്ഞിരുന്നു. അതിനു കലന്തൂര്‍ എന്ന പ്രൊഡ്യൂസറും റെഡി. പക്ഷേ, റാഫി-നാദിര്‍ഷ കോംബോയില്‍ ഒരു പടം- അതായിരുന്നു പ്രൊഡ്യൂസറുടെ ആഗ്രഹം. അങ്ങനെ ഞങ്ങള്‍ ഒരുമിച്ചു. സൈലക്സ് ഇതിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായി.
മുബിനെ നായകനാക്കിയത്
ഒരു പുതിയ നായകനെ അവതരിപ്പിക്കാം എന്നു പ്ലാനിട്ടു ചെയ്തതല്ല. ഇതിലെ ഹൈബി നിക്കോളാസ് എന്ന കഥാപാത്രം മുബിനില് ഓകെയാണ്. പിന്നെ, മുബിന് നല്ല ആക്ടറാണ് എന്നത് അറിയാം. അഭിനയപഠനകാലത്തു ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലുകളില്‍ ബെസ്റ്റ് ആക്ടര്‍ ആയിരുന്നു. മുബിനെ പല സിനിമകളിലും റാഫിക്കയുടെ അസിസ്റ്റന്റായും അസോസിയേറ്റുമായൊക്കെ കണ്ടപ്പോൾ ഇവനെ അഭിനയിപ്പിച്ചുകൂടേ എന്നു ചോദിച്ചിട്ടുണ്ട്. നാദിര്ഷയ്ക്കല്ലേ പുതിയ ആളുകളെ കൊണ്ടുവന്നു ശീലമുള്ളത്. നാദിര്‍ഷ തന്നെ അഭിയിപ്പിക്ക് എന്നായി റാഫി. കുറേ നാളുകള്‍ക്കു ശേഷം ഈ സിനിമ വന്നപ്പോള്‍ മുബിന് ഈ കഥാപാത്രം ഓകെയാണെന്നു തോന്നി, ഇതിലേക്കു വിളിച്ചു. ഇപ്പോഴത്തെ യൂത്തിന് ഇഷ്ടപ്പെട്ട നായകനിരയിലേക്കു മുബിന് വരാന്‍ ചാന്‍സുണ്ട്.
പക്കാ കോമഡിയല്ല
തുടരെത്തുടരെ ഹ്യൂമറാണെന്നു തെറ്റിദ്ധാരണ വേണ്ട. പക്ഷേ, പക്കാ എന്റര്‍ടെയ്നറാണ്. കട്ടപ്പനയിലെ ഹൃത്വിക് റോഷനൊക്കെ ആദ്യം തൊട്ട് അവസാനം വരെ ചിരിപ്പിച്ച സിനിമകളാണ്. പക്ഷേ, ഇതില്‍ ആദ്യാവസാനം ചിരിപ്പിക്കുന്ന പരിപാടിയല്ല. നമ്മളെ ആകാംക്ഷയില്‍ കൊണ്ടുപോകുന്നതിനിടയില്‍ ചെറിയ തമാശകളുടെ നുറുങ്ങുകളുമുണ്ടാവും.
പേരിനു പിന്നിൽ
കൊച്ചിയെന്നു പേരിട്ടെന്നേയുള്ളൂ. ഇന്ത്യയില്‍ പല പട്ടണങ്ങളിലും നടക്കുന്ന സംഭവങ്ങളാണു സിനിമ പറയുന്നത്. ആദ്യം സംഭവം നടന്ന രാത്രിയില്‍ എന്നായിരുന്നു സിനിമയുടെ പേര്. അതുമായി സാദൃശ്യമുള്ള പേരുകള്‍ വന്നപ്പോള്‍ പുതിയ പേരിട്ടതാണ്.
അർജുനും മുബിനും
അര്ജുന് അശോകനും മുബിനും തുല്യപ്രാധാന്യമുള്ള വേഷങ്ങളാണ്. ഷൈന്‍ ടോം ചാക്കോയ്ക്കു സിനിമാനടന്റെ വേഷമാണ്. ദേവിക സഞ്ജയ്, മാളവിക മേനോന്, അശ്വത് ലാല്‍, ജോണി ആന്റണി തുടങ്ങിയവരും വിവിധ വേഷങ്ങളിലെത്തുന്നു.
കോമഡിയിൽ നിന്നു ത്രില്ലറിലേക്ക്
വ്യത്യസ്ത ജോണറുകളില്‍ സിനിമ ചെയ്തില്ലെങ്കില്‍ നമ്മള് ലോക്കായിപ്പോകും. സ്ഥിരം തമാശചിത്രങ്ങള്‍ മാത്രമായാല്‍ അതില്‍നിന്നു മാറിച്ചിന്തിച്ചു വേറൊരു സിനിമ ചെയ്യാന്‍ പറ്റാതെവരും. കാസറ്റും മിമിക്രിയും ചെയ്തുവന്നതിന്റെ പേരില്‍ എനിക്കൊരു ഇമേജ് കിടപ്പുണ്ട്. ഒരു ദിവസം അതു പെട്ടെന്നു ബ്രേക്ക് ചെയ്തുപോരാനാവില്ല. പക്ഷേ, ഇത്തരം സിനിമകളും ചെയ്തുനോക്കും. അതും സക്സസ് ആകുമോ എന്നറിയേണ്ടേ.
ടി.ജി.ബൈജുനാഥ്