നാദാപുരം: വിധിയോട് പട പൊരുതി മുന്നേറുകയാണ് കോഴിക്കോട് നടന്ന ഭിന്നശേഷി വിഭാഗക്കാരുടെ സൗന്ദര്യ മത്സരത്തിൽ താരമായ റാഹിൽ. ഭിന്നശേഷി വിഭാഗത്തിൽ ഏഴു മത്സരാർഥികളെ പിന്തള്ളിയാണ് വളയം സ്വദേശി റാഹിൽ സ്വർണ മെഡൽ കരസ്ഥമാക്കിയത്.
പോളിയോ ബാധിച്ചതിനെ തുടർന്ന് സ്കൂളിലും മറ്റും വീട്ടുകാർ എടുത്താണ് റാഹിലിനെ കൊണ്ടുപോയിരുന്നത്. മൂന്ന് വർഷം മുന്പ് നിശ്ചയദാർഢ്യത്തിന്റെ കരുത്തുമായി ബോഡി ബിൽഡിംഗ് രംഗത്തേക്കിറങ്ങുകയായിരുന്നു. നാദാപുരത്തെ മിഷൻ ഫിറ്റ്നസ് ജിമ്മിലെ ജറീഷിനെയാണ് റാഹിൽ സമീപിച്ചത്. പലരും നിരുത്സാഹപ്പെടുത്തിയപ്പോൾ ജറീഷിന്റെ മാനസികവും സാന്പത്തികവുമായ പിന്തുണയിൽ രാവിലെയും വൈകുന്നേരവും ജിമ്മിൽ പരിശീലനം നടത്തി.
ദിവസം മുപ്പത് മുട്ട, ഒരു കിലോ ചിക്കൻ, മധുരക്കിഴങ്ങ്, ഓട്സ്, പഴവർഗങ്ങൾ എന്നിവയായിരുന്നു ഭക്ഷണം. പലപ്പോഴും മുച്ചക്ര വാഹനത്തിനുള്ള ഇന്ധനം വരെ ജറീഷ് റാഹിലിന് നൽകിയിരുന്നു. ജറീഷിന്റെ സഹായത്തോടെയാണ് കോഴിക്കോട്ടുനടന്ന മത്സരത്തിൽ പങ്കെടുത്തതും. റാഹിലിന്റെ വിജയം സമൂഹ മാധ്യമങ്ങൾ വഴി ആഘോഷിക്കുകയാണ് വളയത്തെ നാട്ടുകാർ.
അടുത്തയാഴ്ച നടക്കുന്ന മിസ്റ്റർ കേരള സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള കഠിന പരിശീലനത്തിലാണ് നാദാപുരം ഗവ. കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിയായ റാഹിൽ. കൂലിപ്പണിക്കാരനായ വാണിമേൽ അബ്ദുൾ മജീദിന്റെയും വളയം സ്വദേശി റംലയുടെയും മകനാണ്.
ഇരുപത് വർഷത്തോളമായി വളയത്ത് ഉപ്പാപ്പ അഹമ്മദ് ഹാജിയുടെയും ഉമ്മാമ കുഞ്ഞാമിയുടെയും കൂടെയാണ് റാഹിലിന്റെ ജീവിതം. സഹോദരി ശുബൈബ വാണിമേൽ ക്രസന്റ് ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയാണ്. ദേശീയ തലത്തിൽ ചാന്പ്യനാകുകയാണ് റാഹിലിന്റെ ലക്ഷ്യം. ഒപ്പം ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ഒരു ജോലിയും ലക്ഷ്യം വയ്ക്കുന്നുണ്ട്.