ന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടിൽ ഇടനിലക്കാർക്കു വൻതുക നൽകിയതായി ഇതുവരെ പുറത്തുവന്ന രേഖകൾ വെളിവാക്കുന്നുവെന്ന് കോണ്ഗ്രസ്.
ഒരെണ്ണത്തിന് 570 കോടി വിലയുള്ള റഫാൽ വിമാനമാണു 1,670 കോടിക്ക് മോദി സർക്കാർ വാങ്ങിയതെന്ന് ഇപ്പോൾ വ്യക്തമായെന്ന് എഐസിസി വക്താവ് പവൻ ഖേര പത്രസമ്മേളനത്തിൽ പറഞ്ഞു.
അഴിമതി തടയാനുള്ള ഭാഗങ്ങളെല്ലാം നീക്കിയാണ് കരാർ ഒപ്പുവച്ചത്. ഇന്ത്യ, ഫ്രാൻസ് സർക്കാരുകൾ തമ്മിലുള്ള പ്രതിരോധ കരാറിൽ അവരുടെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടും ഇന്ത്യയിലെ സർക്കാർ മൗനം പാലിക്കുന്നതെന്താണെന്ന് പവൻ ഖേര ചോദിച്ചു.
അതിനിടെ താടിരോമങ്ങളിൽ ജെറ്റ് വിമാനം തൂങ്ങിക്കിടക്കുന്ന ചിത്രത്തോടെ ’കള്ളന്റെ താടി’ എന്ന അടിക്കുറിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം വിവാദമായി.
മോദിയുടേതിനു സമാനമായ താടിയുള്ള ഒരു പകുതി മുഖവും താടിരോമങ്ങളുടെ അറ്റത്ത് ഒരു ജെറ്റ് വിമാനം തൂങ്ങിക്കിടക്കുന്നതുമാണു രാഹുൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്ചെയ്ത ചിത്രത്തിലുള്ളത്.
റഫാൽ കുംഭകോണം, കള്ളന്റെ താടി (ചോർ കി ദാഡി, #റഫാൽ സ്കാം) എന്ന അടിക്കുറിപ്പും നൽകിയിരുന്നു. കാവൽക്കാരൻ കള്ളനാണ് (ചൗക്കിധാർ ചോർ ഹെ) എന്നായിരുന്നു തെരഞ്ഞെടുപ്പു കാലത്തെ രാഹുലിന്റെ പ്രചാരണം.
അതേസമയം, ജനങ്ങൾ രാഹുലിനെ തള്ളിയതാണെന്നും 2024ലെ തെരഞ്ഞെടുപ്പിലും ഇതേ വിഷയം ഉയർത്താൻ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നുവെന്നും ബിജെപി ഐടി വിഭാഗത്തിന്റെ ചുമതലയുള്ള അമിത് മാളവ്യ തിരിച്ചടിച്ചു.
2019ൽ ഏറെ ചീത്ത വിളിച്ച ശേഷമാണ് ഈ നിലവാരത്തിലേക്ക് രാഹുൽ തരംതാണതെന്നും രാഹുലിന്റെ കള്ളത്താടി ചിത്രത്തോടു കൂടിയുള്ള ട്വീറ്റിൽ അമിത് പരിഹസരിച്ചു.
കുറ്റബോധവും ചങ്ങാതിമാരെ സംരക്ഷിക്കാനുള്ള തത്രപ്പാടുമാണ് സംയുക്ത പാർലമെന്ററി സമിതി അന്വേഷണത്തിനു പ്രധാനമന്ത്രി മോദി വഴങ്ങാത്തതിനു കാരണമെന്നു രാഹുൽ നേരത്തെ ട്വിറ്ററിൽ കുറ്റപ്പെടുത്തി.
യുപിഎ സർക്കാരിന്റെ കാലത്തെ റഫാൽ യുദ്ധവിമാന കരാർ റദ്ദാക്കി നരേന്ദ്ര മോദി സർക്കാർ ഒപ്പിട്ട പുതിയ കരാറിലെ അഴിമതിയെക്കുറിച്ചു ഫ്രഞ്ച് സർക്കാർ ജുഡീഷൽ അന്വേഷണം പ്രഖ്യപിച്ചതിനു പിന്നാലെയാണു രാഹുൽ ഗാന്ധിയും കോണ്ഗ്രസും സിപിഎമ്മും അടക്കമുള്ളവർ രംഗത്തെത്തിയത്.
മറച്ചുവയ്ക്കാൻ പലതും ഉള്ളതിനാലാണ് സംയുക്ത പാർലമെന്ററി സമിതി അന്വേഷണം നടത്താൻ കേന്ദ്രം തയാറാകാത്തതെന്നു കോണ്ഗ്രസ് ആരോപിച്ചു.
ഫ്രഞ്ച് വിമാന നിർമാണ കന്പനിയായ ദസോ ഏവിയേഷനിൽ 36 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള 56,000 കോടി രൂപയ്ക്കുള്ള ഇന്ത്യയുടെ കരാറിനെക്കുറിച്ചാണ് ഫ്രഞ്ച് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്.