കണ്ണൂർ: കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയറും കോൺഗ്രസ് വിമതനുമായ പി.കെ. രാഗേഷിനെ കോൺഗ്രസിൽ തിരിച്ചെടുക്കാനുള്ള നീക്കത്തിനെതിരേ ഡിസിസിയിൽ എതിർപ്പ്. രാഗേഷിനെ തിരിച്ചെടുക്കാനുള്ള നീക്കത്തിനെതിരേ പള്ളിക്കുന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേരത്തെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
മണ്ഡലം കമ്മിറ്റി ഭാരവാഹികളിൽ ചിലർ കെ. സുധാകരനെ ചെന്നു കാണുകയും തങ്ങളുടെ എതിർപ്പ് പ്രകടമാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സുധാകരനോട് അടുപ്പം പുലർത്തുന്ന ഒരു ഡിസിസി ജനറൽ സെക്രട്ടറിയും കെപിസിസി അംഗവും എതിർപ്പുമായി രംഗത്തെത്തിയത്.
രാഗേഷിനെ പാർട്ടിയിൽ തിരിച്ചെടുത്താൽ ചാലാട്, തളാപ്പ് ഭാഗങ്ങളിലെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാജിവയ്ക്കുമെന്ന് ഭീഷണിമുഴക്കിയിട്ടുമുണ്ട്. പള്ളിക്കുന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയിൽ പകുതി പ്രവർത്തകരും രാഗേഷ് തിരിച്ചുവരുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചവരാണ്.
ഇതേതുടർന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ഇന്നു വൈകുന്നേരം പള്ളിക്കുന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷുമായി കോൺഗ്രസ് നേതാവ് കെ.സുധാകരൻ ചർച്ച നടത്തിയതോടെയാണ് പി.കെ. രാഗേഷ് കോൺഗ്രസിലേക്ക് തിരികെയെത്തുന്നതായുള്ള വാർത്ത പരന്നത്.
ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കോൺഗ്രസ് പ്രവർത്തകർ രംഗത്ത് എത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് രാഗേഷും ഒപ്പമുള്ളവരും പിന്തുണ പ്രഖ്യാപിച്ചിരുന്നു.