കൈപ്പമംഗലം: കള്ളനോട്ട് കേസിൽ ഒളിവിൽ കഴിയുന്ന ബിജെപി നേതാവ് രാജീവ് ഇടയ്ക്കിടെ ബംഗളുരുവിലേക്ക് പോയിരുന്നത് സംശയമുണർത്തുന്നതായി പോലീസ് പറഞ്ഞു. വീട്ടിലടിച്ചിരുന്ന കള്ളനോട്ടുകൾ അന്യസംസ്ഥാനങ്ങളിലാണ് ചെലവഴിച്ചിരുന്നതെന്നാണ് സൂചന. നാട്ടിൽ തന്നെ ചെലവഴിച്ചാൽ പിടിക്കപ്പെടുമെന്നുള്ളതിനാൽ വൻ തുകകൾ അന്യസംസ്ഥാനങ്ങളിൽ ചെലവഴിച്ചിട്ടുണ്ടാകുമെന്നാണ് സംശയിക്കുന്നത്. ഇതിനായി ബംഗളുരു അടക്കമുള്ള സ്ഥലങ്ങളിൽ ഏജന്റുമാരുണ്ടോയെന്നും പോലീസ് രഹസ്യമായി അന്വേഷണം ആരംഭിച്ചു.
രാജീവ് ഇടയ്ക്കിടെ ബാംഗളൂരിലേക്കെന്നു പറഞ്ഞ് പോകാറുണ്ടെന്ന് നാട്ടുകാരിൽ നിന്നാണ് പോലീസിന് വിവരം ലഭിച്ചത്. കൂടാതെ അറസ്റ്റിലായ യുവമോർച്ച പ്രവർത്തകൻ എരാശേരി രാഗേഷിന് ഡൽഹി, മുംബൈ എന്നിവിടങ്ങളിലും പരിചയമുണ്ട്. ഇയാൾ ഗൾഫിൽ നിന്ന് മടങ്ങിയ ശേഷം ഡൽഹി, മുംബൈ എന്നിവിടങ്ങളിലാണ് താമസിച്ചിരുന്നത്. ഈ ബന്ധങ്ങളൊക്കെ ഉപയോഗിച്ച് അന്യസംസ്ഥാനങ്ങളിൽ കള്ളനോട്ടുകൾ ചെലവഴിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
രാഗേഷിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയിരുന്നത് രാജീവാണെന്ന് പറയുന്നു. രാഗേഷിന്റെ ചില സുഹൃത്തുക്കൾക്കും കള്ളനോട്ടടി സംബന്ധിച്ച വിവരമുണ്ടായിരുന്നുവെന്നാണ് സൂചന. നാട്ടിൽ പെട്രോൾ പന്പിൽ രണ്ടായിരം രൂപയുടെ കള്ളനോട്ട് കൊടുത്തപ്പോൾ പിടിച്ചതോടെ പിന്നെ ഈ ഭാഗങ്ങളിൽ ഇതുപയോഗിക്കാതെ അന്യസംസ്ഥാനങ്ങളിൽ ഏജന്റുമാരെ കണ്ടെത്തി അവർ വഴിയാണ് കള്ളനോട്ടുകൾ ചെലവാക്കിയതെന്നും സൂചനയുണ്ട്.
ഓപ്പറേഷൻ കുബേരയുടെ ഭാഗമായി മതിലകം പോലീസ് നടത്തിയ പരിശോധനയിലാണ് കള്ളനോട്ടടിക്കുന്ന സാമഗ്രികളും 1.37 ലക്ഷം രൂപയുടെ കള്ളനോട്ടുകളും പിടിച്ചെടുത്തത്. കൊടുങ്ങല്ലൂർ സിഐ പി.സി.ബിജുകുമാറാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. റിമാൻഡിലായ രാഗേഷിനെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
ഇതിനിടെ കൈപ്പമംഗലം, കൊടുങ്ങല്ലൂർ മേഖലയിലെ ബിജെപി നേതാക്കളുടെ സാന്പത്തിക സ്രോതസും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസ്, സിപിഎം, സിപിഐ പാർട്ടി നേതാക്കൾ രംഗത്തെത്തി. സാന്പത്തിക സ്രോതസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് ഇന്നു വൈകീട്ട് പ്രതിഷേധ പ്രകടനവും നടത്തുന്നുണ്ട്.
കള്ളനോട്ടുകളും അനുബന്ധ സാമഗ്രികളും പിടിച്ചെടുത്തതു നിസാരവൽക്കരിക്കാൻ ബിജെപി നേതാക്കൾ ശ്രമം നടത്തുകയാണെന്നും ആരോപണം ഉയരുന്നുണ്ട്. പെട്രോൾ പന്പിൽ കൊടുത്ത പണം കള്ളനോട്ടാണെന്നു പറഞ്ഞപ്പോൾ തിരിച്ചു വാങ്ങി പോന്നതു മാത്രമാണ് രാഗേഷും കൂട്ടരും ചെയ്തതെന്നാണ് ബിജെപി സംസ്ഥാന നേതാക്കൾ തന്നെ പ്രതികരിച്ചത്. ഇത് സംസ്ഥാന നേതാക്കളുമായി രാഗേഷിനും രാജീവിനും വൻ സ്വാധീനമുണ്ടായിരുന്നുവെന്നതിന് തെളിവാണെന്നും മറ്റു രാഷ്ട്രീയ പാർട്ടികളുടെ ആരോപണം.