ചാരുംമൂട്: ജോലിക്കിടയിലെ വിശ്രമവേളയിൽ പാട്ടുപാടാൻ തനിക്ക് കഴിവുണ്ടെന്ന് സോഷ്യൽ മീഡിയ വഴി പുറംലോകത്തെ അറിയിച്ച രാകേഷിന്റെ പാട്ട് ഒടുവിൽ ഉലകനായകന്റെ മനവും കീഴടക്കി .പാട്ട് തരംഗമായി മാറുകയും തമിഴ് ചാനലിലടക്കം രാകേഷിനെ കുറിച്ച് വാർത്ത വരുകയും ചെയ്തതോടെ ഫോണ് നന്പർ കണ്ടെത്തി രാകേഷിനെ വിളിച്ച് നേരിൽ കാണണമെന്ന് കമൽഹാസൻ ആഗ്രഹം പ്രകടിപ്പി ക്കുകയായിരുന്നു.
പിന്നെ ഒട്ടും താമസിച്ചില്ല നൂറനാടുള്ള തന്റെ കൂട്ടുകാർക്കൊപ്പം രാകേഷ് ചെന്നൈക്ക് പോയി. ഇന്നലെയാണ് കമൽഹാസന്റെ ക്ഷണം സ്വീകരിച്ച് രാകേഷ് നൂറനാട് നിന്നും ചെന്നൈക്ക് പോയത്.കമൽഹാസന്റെ ചെന്നൈ ആൾവാർപേട്ടയിലെ സ്റ്റുഡിയോയിൽ വച്ചായിരുന്നു കൂടിക്കാഴ്ച . തടി കയറ്റ തൊഴിലാളിയായ രാകേഷിന് ഇത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ മുഹൂർത്തമായി മാറി.
രാകേഷിനെ കമൽഹാസൻ കൈകൊടുത്ത് ചേർത്ത് പിടിച്ച് അഭിനന്ദിച്ചു കുടുംബ പശ്ചാത്തലവും വിവരങ്ങളും ചോദിച്ചറിഞ്ഞ കമൽഹാസൻ താൻ അഭിനയിക്കുന്ന അടുത്ത ചിത്രത്തിൽ പാടാൻ അവസരവും വാഗ്ദാനം ചെയ്തു .രാകേഷിനൊപ്പം നിന്ന് കമൽഹാസൻ ഫോട്ടോയ് ക്കും പോസ് ചെയ്തു.
ഇനി കേരളത്തിൽ വരുന്പോൾ രാകേഷിനെ കാണാൻ വീട്ടിൽ വരുമെന്നും കമൽഹാസൻ ഓർമിപ്പിച്ചു.ഇതും രാകേഷിന് സന്തോഷമായി. സോഷ്യൽ മീഡിയ വഴി രാകേഷ് പാടി തരംഗമായ വിശ്വരൂപത്തിലെ ശങ്കർ മഹാദേവൻ പാടിയ ഉന്നൈ കാണാതു നാൻ എന്ന പാട്ട് ഒരിക്കൽ കൂടി കേൾക്കണമെന്ന് കമൽഹാസൻആഗ്രഹം പറഞ്ഞപ്പോൾ ചെന്നൈയിലെ സ്റ്റുഡിയോയിൽ വച്ച് കമലിനെ പാടിക്കേൾപ്പിക്കാനും രാകേഷിന് ഭാഗ്യം ലഭിച്ചു. രാകേഷ് നല്ല കഴിവുള്ള ആളാണെന്നും ഇനി അവസരങ്ങൾ തേടിയെത്തുമെന്നും കമൽ പറഞ്ഞു.
പാട്ടുപാടാൻ കഴിവുണ്ടായിട്ടും അവസരങ്ങൾ കിട്ടാതിരുന്നതിനെ തുടർന്ന് തന്റെ പാടാനുള്ള കഴിവ് സോഷ്യൽ മീഡിയ വഴി പുറം ലോകത്ത് അറിയിച്ചാണ് തടികയറ്റ് തൊഴിലാളിയായ ആലപ്പുഴ നൂറനാട് ഉളവുക്കാട് രാജേഷ് ഭവനത്തിൽ രാകേഷ് (ഉണ്ണി ) താരമായത്.
പാട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ അവസരങ്ങളുടെയും അഭിനന്ദനങ്ങളുടെയും പ്രവാഹമാണ് ഇപ്പോൾ രാകേഷിനെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്.ലക്ഷക്കണക്കിന് പേർ പാട്ട് ഷെയർ ചെയ്യുകയും വീഡിയോ കാണുകയും ചെയ്തത് കൂടാതെ നിരവധി പാടാനുള്ള അവസരങ്ങളും ഇപ്പോൾ രാകേഷിനെ തേടിയെത്തുന്നുണ്ട്.
സംഗീത സംവിധായകൻ ഗോപി സുന്ദർ അടുത്ത സിനിമയിൽ പാടാൻ അവസരം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ പാടാനുള്ള നിരവധി അവസരങ്ങളും രാകേഷിനെ തേടിയെത്തുകയാണ്. പാട്ട് വൈറലായതോടെ ഇത് കാണാനിടയായ ശങ്കർ മഹാദേവൻ രാകേഷിനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിക്കുകയും രാകേഷിനെ കുറിച്ച് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു .
ഒരാഴ്ച മുന്പ് റബ്ബർ തടികൾ ലോഡ് ചെയ്യുന്നതിനിടെ വീണു കിട്ടിയ വിശ്രമവേളയിൽ പാടിയ ഗാനത്തിന്റെ വീഡിയോ സുഹൃത്ത് ഷമീർ വഴി മൊബൈൽ ഫോണിൽ പകർത്തി ഫേസ് ബുക്കിൽ പോസ്റ്റുചെയ്യുകയും നിമിഷങ്ങൾക്കുള്ളിൽ ഇത് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയുമായിരുന്നു.
നൗഷാദ് മാങ്കാംകുഴി