മംഗളൂരു: ഉള്ളാളിലെ പാരാമെഡിക്കല്‍ കോളജില്‍ മലയാളികളായ ജൂണിയര്‍ വിദ്യാര്‍ഥികളെ റാഗിംഗ് നടത്തിയതിന് 11 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍.
ഈ വര്‍ഷം ഒന്നാംവര്‍ഷ കോഴ്സുകളില്‍ ചേര്‍ന്ന അഞ്ച് വിദ്യാര്‍ഥികളാണ് റാഗിംഗിന് ഇരയായത്. കോളജ് മാനേജ്മെന്റ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 11 പേരെയും ഉള്ളാള്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഒരാഴ്ച മുമ്പ് നഗരത്തിലെ തന്നെ ഫാര്‍മസി കോളജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ റാഗിംഗിന് വിധേയമാക്കിയതിന് എട്ട് മലയാളി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തില്‍ ഇരയാക്കപ്പെട്ട വിദ്യാര്‍ഥിയും മലയാളി തന്നെയായിരുന്നു.
ഫിസിയോതെറാപ്പി, നഴ്സിംഗ് കോഴ്സുകളിലെ വിദ്യാര്‍ഥികളായ മുഹമ്മദ് ഷമ്മാസ്, റോബിന് ബിജു, ആല്വിന് ജോയ്, ജബിന്‍ മഹറൂഫ്, ജെറോണ്‍ സിറില്‍, മുഹമ്മദ് സൂരജ്, ജഫിന് റോയിച്ചന്, ആഷിന് ബാബു, അബ്ദുല്‍ ബാസിത്, അബ്ദുല്‍ അനസ് മുഹമ്മദ്, കെ.എസ്. അക്ഷയ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ഇവര്‍ കാസര്‍ഗോഡ്, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവരാണ്.
ഈ വര്‍ഷം പുതുതായി ഫിസിയോതെറാപ്പിക്കും നഴ്സിംഗിനും ചേര്‍ന്ന മലയാളി വിദ്യാര്‍ഥികളെയാണ് ഇവര്‍ റാഗിംഗിന് ഇരയാക്കിയത്.
തല മൊട്ടയടിക്കാനും മീശയും താടിയും വടിച്ചുകളയാനും തീപ്പെട്ടിക്കമ്പു കൊണ്ട് ക്ലാസ്റൂം അളക്കാനുമൊക്കെ ആവശ്യപ്പെട്ടുകൊണ്ട് ഇവര്‍ ജൂണിയര്‍ വിദ്യാര്‍ഥികളെ പീഡനത്തിന് വിധേയരാക്കിയിരുന്നതായി മാനേജ്മെന്റ് നല്കിയ പരാതിയില്‍ പറയുന്നു.
ജൂണിയര്‍ വിദ്യാര്‍ഥികള്‍ കോളജ് അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് റാഗിംഗ് നിരോധന നിയമപ്രകാരം മാനേജ്മെന്റ് പോലീസില്‍ പരാതി നല്‍കിയത്. 18 വിദ്യാര്‍ഥികളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇതില്‍ 11 പേരെ പ്രതിചേര്‍ത്തത്.
കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ക്ലാസുകള്‍ തുടങ്ങാന്‍ വൈകിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ ആദ്യമായി കോളജുകളിലും ഹോസ്റ്റലുകളിലും എത്തിത്തുടങ്ങിയത്.
എന്നാല്‍ കോവിഡിന്റെ പേരില്‍ കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കുമേല്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനിടയില്‍ അപരിചിതമായ സ്ഥലത്ത് ആദ്യമായെത്തിയ ജൂണിയര്‍ സഹപാഠികള്‍ക്ക് ആവശ്യമായ സഹായമൊരുക്കുന്നതിനു പകരം അവരെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്ന സമീപനമാണ് ഒരുവിഭാഗം മലയാളി വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് രക്ഷിതാക്കള്‍ പരാതിപ്പെടുന്നു.
മംഗളൂരുവില്‍ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത രണ്ട് റാഗിംഗ് കേസുകളിലും പ്രതിസ്ഥാനത്ത് മലയാളി വിദ്യാര്‍ഥികളാണെന്നത് കാമ്പസുകളില്‍ മലയാളികളെ പൊതുവേ നോട്ടപ്പുള്ളികളാക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്.