കോഴിക്കോട്: കൊയിലാണ്ടിയിൽ എസ്എഫ്ഐ പ്രവർത്തകർ വിദ്യാർഥിയെ മർദിച്ചതായി പരാതി. കൊയിലാണ്ടി ആർഎസ്എം എസ്എൻഡിപി കോളജിലെ രണ്ടാം വർഷ ബിഎസ്സി കെമിസ്ട്രി വിദ്യാർഥി സി.ആർ അമലിനെയാണ് എസ്എഫ്ഐ പ്രവർത്തകർ സംഘം ചേർന്ന് മർദിച്ചത്.
റാഗിങ്ങിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണ കാരണമെന്ന് അമൽ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും, ഒന്നാം വർഷ വിദ്യാർഥിയുമായ അനുനാഥ് എ.ആർന്റെ നേതൃത്വത്തിൽ ഇരുപത്തഞ്ചോളം എസ്എഫ്ഐ പ്രവർത്തകർ എത്തി തന്നെ ക്രൂരമായി മർദിക്കുകയായിരുന്നു എന്ന് അമൽ പറഞ്ഞു. കോളജിന് സമീപത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു മർദനം.
അമലിന്റെ മൂക്കിന്റെ പാലത്തിൽ ചതവും വലത് കണ്ണിന് സമീപം പരിക്കുമുണ്ട്. മർദനത്തിൽ ഗുരുഗരമായി പരിക്കേറ്റ അമലിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. ബൈക്കിൽ നിന്നു വീണു പരിക്കേറ്റതെന്നാണ് ഇവർ ഡോക്ടര്‍മാരോട് പറഞ്ഞത്. തിരികെ വീട്ടിൽ എത്തിയ ശേഷം വീണ്ടും ആശുപത്രിയിൽ ചികിത്സ തേടേണ്ടതായി വന്നു. ഇതിനുശേഷമാണ് മർദനത്തെ കുറിച്ച് വീട്ടുകാരോട് പറഞ്ഞതെന്നും അമൽ വ്യക്തമാക്കി.