ജൂനിയർ വിദ്യാർഥിയെ റാഗ് ചെയ്ത എംബിബിഎസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ. തെലങ്കാനയിലെ വാറങ്കലിലെ കാകതിയ മെഡിക്കൽ കോളേജിലാണ് സംഭവം. ഏഴ് വിദ്യാർഥികളെയാണ് കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തത്. തുടർന്ന് വിദ്യാർഥികൾക്കെതിരെ സിറ്റി പൊലീസ് കേസെടുത്തു.
എല്ലാ വിദ്യാർത്ഥികളുടെയും മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഏഴ് വിദ്യാർഥികളെ മൂന്ന് മാസത്തേക്ക് അക്കാദമിക് പ്രവർത്തനങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ഒരു വർഷത്തേക്ക് ഹോസ്റ്റലിൽ നിന്ന് പുറത്താക്കുകയും ചെയ്തെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു.
റാഗിങ് വിരുദ്ധ സമിതി ഇരയായ വിദ്യാർത്ഥിയെയും സംഭവത്തിൽ ഉൾപ്പെട്ട ഏഴ് വിദ്യാർഥികളെയും വിളിച്ച് സംഭവത്തെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. സെപ്റ്റംബർ 14നായിരുന്നു സംഭവം.
സസ്പെൻഡ് ചെയ്യപ്പെട്ടവർ മൂന്നാം വർഷ വിദ്യാർഥികളും ജൂനിയർ രണ്ടാം വർഷ വിദ്യാർഥിയുമാണ്. വിദ്യാർഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. ഹൈദരാബാദിലെ ഗാന്ധി മെഡിക്കൽ കോളേജ് അധികൃതർ ജൂനിയർമാരെ റാഗിങ് നടത്തിയെന്നാരോപിച്ച് 10 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതിന് ശേഷം ഒരു മാസത്തിനുള്ളിൽ സംസ്ഥാനത്ത് ഇത് രണ്ടാമത്തെ സംഭവമാണ്.