ഗജയില്‍ വീടു തകര്‍ന്നവര്‍ക്ക് കൈത്താങ്ങുമായി നടനും സംവിധായകനുമായ രാഘവ ലോറന്‍സ്. ‘ഗജ’യില്‍പ്പെട്ടു വീട് തകര്‍ന്നു പോയ ഒരു വൃദ്ധയായ അമ്മയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് താരം അവരെ സഹായിക്കാനായി മുന്നോട്ട് വരികയായിരുന്നു. കേരളം പ്രളയക്കെടുതിയിലാണ്ട സമയത്തും സഹായ ഹസ്തവുമായി ലോറന്‍സ് എത്തിയിരുന്നു. അന്ന് മുഖ്യമന്ത്രിയെ നേരിട്ട് വന്നു കണ്ടു ഒരു കോടി രൂപയാണ് നല്‍കിയത്.
”പ്രിയ ആരാധകരേ, സുഹൃത്തുക്കളേ! ‘ഗജ’ കൊടുങ്കാറ്റിന്റെ കെടുതിയില്‍പ്പെട്ട 50 പേര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാം എന്ന് ഞാന്‍ പ്രഖ്യാപിച്ചിരുന്നു. ബാധിക്കപ്പെട്ട കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കില്‍ അറിയിക്കാനും ആവശ്യപ്പെട്ടിരുന്നു. വീട് നഷ്ടപ്പെട്ടുപോയ വൃദ്ധയായ ഒരമ്മയുടെ വീഡിയോ കുറച്ചു കുട്ടികള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. അത് കണ്ട എന്റെ മനസ്സിടിഞ്ഞു പോയി. ഉടന്‍ തന്നെ ആ കുട്ടികളുമായി ബന്ധപ്പെട്ടു. അവരുടെ ചെയ്ത ജോലി പ്രശംസനീയമാണ്. അത് കൊണ്ട് ആ അമ്മയുടെ വീട് നിര്‍മ്മിക്കുന്ന ഉത്തരവാദിത്തം അവരെത്തന്നെ ഏല്‍പ്പിച്ചു. ഇന്ന് മുതല്‍ ആ വീടിന്റെ ജോലികള്‍ തുടങ്ങുകയാണ്. ഇതെന്റെ ആദ്യ വീടാണ്. നിങ്ങളുടെ അനുഗ്രഹങ്ങളും പിന്തുണയും വേണം. സഹായം അവശ്യമുള്ളവരെ അറിയാമെങ്കില്‍, എന്നെ അറിയിക്കുകയും വേണം”, ലോറന്‍സ് രാഘവ ഫേസ്ബുക്കില്‍ പറഞ്ഞു.
അന്ന് കേരളം പ്രളയത്തില്‍പ്പെട്ടപ്പോള്‍ ലോറന്‍സ് ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ…”പ്രിയപ്പെട്ട സുഹൃത്തുക്കളേ, ആരാധകരേ, കേരളത്തിനായി ഒരു കോടി രൂപ കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. വെള്ളപ്പൊക്കത്തില്‍ കേരളം നാശനഷ്ടങ്ങളെ നേരിടുന്നു എന്നും അവിടുത്തെ ആളുകള്‍ സങ്കടത്തിലാണ് എന്നും കേട്ട് ഞാന്‍ മനസ്സ് തകര്‍ന്നിരിക്കുകയാണ്. അവര്‍ നമ്മുടെ സഹോദരീ സഹോദരന്മാരെ പോലെയാണ്. നേരിട്ട് ചെന്ന് വേണ്ട സഹായങ്ങള്‍ ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നു എങ്കിലും കേരളത്തിലേക്കുള്ള യാത്രയും ദുരിത ബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കുക എന്നതും എളുപ്പമല്ല, എല്ലാം ഒന്ന് ശമിക്കുന്നത് വരെ കാക്കണം എന്നും വിവരം കിട്ടി.
ഇപ്പോള്‍ മഴ കുറഞ്ഞിട്ടുണ്ട്. ഏതു പ്രദേശത്താണ് കൂടുതല്‍ നഷ്ടങ്ങള്‍ ഉണ്ടായത് എന്നത് സര്‍ക്കാരിനു അറിയാം എന്നതു കൊണ്ട് കേരള സര്‍ക്കാര്‍ വഴി സഹായം എത്തിക്കാന്‍ തീരുമാനിച്ചു. നാളെ (ശനിയാഴ്ച) കേരള മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ സമയം കിട്ടിയിട്ടുണ്ട്. എന്റെ സംഭാവന അദ്ദേഹത്തിനു നല്‍കാനും വേണ്ടയിടത്ത് വേണ്ട പോലെ അത് ഉപയോഗിക്കാനും അദ്ദേഹത്തോട് ആവശ്യപ്പെടും. കേരളത്തിന് വേണ്ടി കൈയ്യയച്ച് സംഭാവന ചെയ്തവരും ഇനി ചെയ്യാനിരിക്കുന്നവര്ക്കും എന്റെ നന്ദി. കേരളം പുനര്‍നിര്‍മ്മിക്കാന്‍ വേണ്ടി ഞാന്‍ രാഘവേന്ദ്ര സ്വാമികളോട് പ്രാര്‍ഥിക്കുന്നു”, അന്ന് ലോറന്‍സ് പറഞ്ഞു. ഇപ്പോള്‍ ‘ഗജ’ ബാധിതരെ സഹായിക്കാനും താരം മുന്നിട്ടിറങ്ങിയതോടെ താരത്തിന്റെ ആരാധകരുടെ എണ്ണം വര്‍ധിക്കുകയാണ്.