സ്വന്തം ലേഖകൻ
കൂത്തുപറമ്പ്: കോവിഡ് മഹാമാരിക്കിടയിലും ജാഗ്രത കൈവിടാതെ കോവിഡിന്റെ ദിനം പ്രതിയുള്ള കണക്കെടുത്ത് സൂക്ഷിക്കുകയാണ് കൂത്തുപറമ്പിലെ ഒരു അഭിഭാഷകൻ. കായലോട് പറമ്പായിയിലെ അഡ്വ.ഇ. രാഘവനാണ് കോവിഡ് ബാധിതരുടേയും മരണപ്പെട്ടവരുടെയുമൊക്കെ ജില്ലയിലേയും സംസ്ഥാന അടിസ്ഥാനത്തിലുള്ളതുമായ കൃത്യമായ കണക്ക് എഴുതി സൂക്ഷിക്കുന്നത്.
കോവിഡ് രോഗ വ്യാപനം ആരംഭിച്ചപ്പോൾ വെറുമൊരു കൗതുകത്തിന് ആരംഭിച്ച ഈ ജോലി കോവിഡ് വ്യാപനം കൂടിയതോടെ അൽപം ഗൗരവത്തിലായി എന്നു മാത്രം. 2020 ജനുവരി 30 ന് സംസ്ഥാനത്ത് ആദ്യമായി തൃശൂരിൽ കോവിഡ് റിപ്പോർട്ട് ചെയ്ത കാര്യം കുറിച്ചു വെച്ചായിരുന്നു തുടക്കം.
കോവിഡ് വ്യാപനം വർധിച്ചു വന്നതോടെ 2020 മാർച്ച് ഏഴു മുതലാണ് ദിനം പ്രതിയുള്ള കൃത്യമായ കണക്ക് സൂക്ഷിക്കാൻ തുടങ്ങിയത്. ആദ്യം പത്രത്തിൽ വരുന്ന കണക്കായിരുന്നു ഇദ്ദേഹത്തിന്റെ ആശ്രയം. പിന്നീട് വൈകുന്നേരങ്ങളിലെ പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി നൽകുന്ന ഔദ്യോഗിക കണക്ക് പ്രകാരം ഇദേഹം വിവരങ്ങൾ ശേഖരിച്ചു തുടങ്ങി.
രാത്രി ഏഴു മണിയാവുമ്പോഴേക്കും ഇദ്ദേഹത്തിന്റെ ഡാറ്റാ കളക്ഷൻ പൂർത്തിയാകും. ഈ മാസം 16 വരെ കണ്ണൂർ ജില്ലയിൽ 951 പേർ കോവിഡ് ബാധിച്ച് മരണപ്പെട്ടതായും സംസ്ഥാനത്ത് 31,30,833 പേർക്ക് കോവിഡ് പോസിറ്റീവായതായും മൊത്തം സംസ്ഥാനത്ത് 15,155 പേർ മരണപ്പെട്ടതായും ഇദ്ദേഹം തന്റെ ചാർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു.
കേരളത്തിൽ കോവിഡ് പോസിറ്റീവായവരുടെ എണ്ണം, ഓരോ ജില്ലയിലെയും കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം, സമ്പർക്ക രോഗികളുടെ എണ്ണം, മരണപ്പെടുന്നവരുടെ എണ്ണം തുടങ്ങിയവയാണ് രേഖപ്പെടുത്തുക. ജില്ലയിൽ മരണപ്പെടുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണവും ടെസ്റ്റ് പോസിറ്റീവ് നിരക്കും ഇദ്ദേഹത്തിന്റെ കണക്കിലുണ്ട്.
ചാർട്ട് പേപ്പറിൽ പ്രത്യേക കോളങ്ങൾ വരഞ്ഞാണ് കോവിഡ് സംബന്ധമായ വിവരങ്ങൾ കുറിച്ചു വെക്കുന്നത്.ഒരു ഷീറ്റിൽ ഒരു മാസത്തെ കണക്കാണ് ഉണ്ടാവുക. ജില്ലയിൽ ആദ്യ ഘട്ടത്തിൽ കോവിഡ് വ്യാപനം കൂടുതൽ ഉണ്ടായിരുന്ന കൂത്തുപറമ്പ്, പാനൂർ നഗരസഭയിലേയും കോട്ടയം പഞ്ചായത്തിലേയും കോവിഡ് കണക്കുകളും ഇദ്ദേഹം പ്രത്യേകമായി ഇന്നും എഴുതി സൂക്ഷിക്കുന്നുണ്ട്.
ഇങ്ങനെ എഴുതി സൂക്ഷിക്കുന്നതിന് പ്രത്യേക കാരണവും ഇദ്ദേഹത്തിന് പറയാനുണ്ട്. സംസ്ഥാനത്തിലെയും ജില്ലകളിലെയും രോഗ വ്യാപന തോതിന്റെ വ്യതിയാനം എളുപ്പത്തിൽ കണ്ടെത്താൻ ഈ ഡാറ്റാ കലക്ഷൻ കൊണ്ട് സാധിക്കുമെന്നും ഈ ഡാറ്റയെ റിസർച്ച് അനാലിസിസിന് ഉപയോഗപ്പെടുത്താനാകുമെന്ന് ഇദ്ദേഹം പറയുന്നു.