ചാലക്കുടി: കളഞ്ഞുകിട്ടിയ 85,000 രൂപ അടങ്ങിയ ബാഗ് പോലീസിൽ ഏൽപ്പിച്ച് ഓട്ടോറിക്ഷ ഡ്രൈവർ സത്യസന്ധതയ്ക്കു മാതൃകയായി; പോട്ട പുളിക്കത്തറ സുബ്രൻ മകൻ രഘു ആണ് മാതൃകാ ഓട്ടോഡ്രൈവറായത്. ചാലക്കുടി റെയിൽവേ സ്റ്റേഷനു സമീപം റോയൽ ഇലക്ട്രിക്കൽ കട ഉടമ പറന്പിക്കാടൻ ഷാജിയുടെ പണമടങ്ങിയ ബാഗാണ് കഴിഞ്ഞ ദിവസം രാത്രി കടപൂട്ടി സ്കൂട്ടറിൽ പോകുന്പോൾ റെയിൽവേ മേൽപ്പാലത്തിനുസമീപം നഷ്ടപ്പെട്ടത്.
പിന്നാലെ വന്ന ഇന്നോവ കാർ ഡ്രൈവർ ബാഗ് വീണുപോയ വിവരം ഷാജിയെ അറിയിച്ചതനുസരിച്ച് തിരിച്ചുവന്നെങ്കിലും ബാഗ് കണ്ടുകിട്ടിയില്ല. പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് പണമടങ്ങിയ ബാഗ് കളഞ്ഞുകിട്ടിയത് ഓട്ടോഡ്രൈവർ രഘു പോലീസിൽ ഏൽപ്പിച്ച വിവരമറിയുന്നത്.
രാത്രി ഓട്ടം പോയി വരുന്പോഴാണ് മേൽപ്പാലത്തിനുസമീപം റോഡിൽ ബാഗ് കിടക്കുന്നത് കണ്ടത്. തുറന്നുനോക്കിയപ്പോൾ നിറയെ പണമായിരുന്നു. എണ്ണിനോക്കുകപോലും ചെയ്യാതെ ബാഗ് നേരെ പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. എസ്ഐ ജയേഷ് ബാലന്റെ സാനിധ്യത്തിൽ ബാഗ് ഓട്ടോ ഡ്രൈവർ രഘു ബാഗിന്റെ ഉടമ ഷാജിയെ ഏൽപ്പിച്ചു.