കറുകച്ചാൽ: പിതാവിന്റെ വെട്ടേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച പതിനേഴുകാരിയെ അടിയന്തര ശസ്ത്രക്രിയയക്കു വിധേയമാക്കി.
വെട്ടേറ്റു മുറിഞ്ഞ പെണ്‍കുട്ടിയുടെ വിരൽ തുന്നി ചേർത്തശേഷം ഇവരെ ബന്ധുവീട്ടിലേക്കു മാറ്റുകയും ചെയ്തു. സംഭവത്തിൽ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്ത കറുകച്ചാൽ പച്ചിലമാക്കൽ മാവേലിതാഴെയിൽ രഘു (48) റിമാൻഡിലാണ്.
ഇന്നലെ രാവിലെ 7.30നായിരുന്നു സംഭവം. മകൾ എഴുന്നേൽക്കാൻ താമസിച്ചെന്നാരോപിച്ച് രഘു വാക്കത്തിയുമായി മുറിയിലെത്തിയശേഷം വഴക്കുണ്ടാക്കുകയും വാക്കത്തികൊണ്ടു മകളുടെ തലയ്ക്ക് വെട്ടുകയുമായിരുന്നു.
തലയിൽനിന്നും രക്തം വാർന്നൊഴുകിയതിനെ തുടർന്നു നിലവിളിച്ചപ്പോൾ ഇയാൾ വീണ്ടും വാക്കത്തി കൊണ്ട് വെട്ടി. വെട്ട് തടയുന്നതിടിയിൽ മകളുടെ വലതുകയ്യിലെ മോതിരവിരൽ മുറിഞ്ഞു തൂങ്ങി.
ഇതോടെ വീട്ടിൽ നിന്നും ഇറങ്ങിയോടിയ മകൾ സമീപത്തെ വീട്ടിൽ അഭയം തേടുകയായിരുന്നു. തുടർന്നു നാട്ടുകാർ ചേർന്നു പെണ്‍കുട്ടിയെ കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും തുടർന്നു കോട്ടയം മെഡിക്കൽകോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവമറിഞ്ഞു സ്ഥലത്തെത്തിയ കറുകച്ചാൽ പോലീസ് രഘുവിനെ പിടികൂടുകയായിരുന്നു.