സാന്പത്തികരംഗത്തെ നൊബേൽ സമ്മാനജേതാവിനെ നാളെ അറിയാം. ഒരു ഡസനോളം പേരുകൾ പരിഗണനയിലുള്ള ഈ വിഭാഗത്തിൽ ഇത്തവണ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മുൻ ഗവർണർ രഘുറാം രാജനുമുണ്ട്. ഗവേഷണങ്ങൾക്കൊടുവിൽ സയന്റിഫിക് റിസർച്ച് കമ്പനിയായ ക്ലാരിവേറ്റ് അനലിറ്റിക്സ് തയാറാക്കിയ നൊബേൽ സമ്മാനത്തിനു സാധ്യതയുള്ളവരുടെ പട്ടികയിലാണ് രഘുറാം രാജനുമുള്ളത്.
ഈ വർഷത്തെ സാധ്യതാപട്ടികയിലുള്ള ആറു പേരിൽ രഘുറാം രാജനുമുണ്ടെന്ന് വാൾ സ്ട്രീറ്റ് ജേർണലും റിപ്പോർട്ട് ചെയ്തു. കമ്പനികളുടെ സാന്പത്തിക തീരുമാനങ്ങളുടെ ഭിന്നമാനങ്ങളെപ്പറ്റിയുള്ള പഠനമാണ് അദ്ദേഹത്തെ പട്ടികയിൽപ്പെടുത്താനിടയാക്കിയത്.പാശ്ചാത്യരാജ്യങ്ങളിൽ നിന്നല്ലാതെ അന്താരാഷ്ട്ര നാണ്യനിധിയുടെ ചീഫ് എക്കണോമിസ്റ്റായ പശ്ചാത്യരാഷ്ട്രങ്ങൾക്കു പുറത്തുനിന്നുള്ള ആദ്യവ്യക്തിയാണു രാജൻ.
2005ൽ അമേരിക്കയിൽ നടന്ന കേന്ദ്ര ബാങ്ക് ഗവർണർമാരുടെ വാർഷികയോഗത്തിൽ അവതരിപ്പിച്ച പ്രബന്ധം വളരെ ശ്രദ്ധ നേടിയിരുന്നു. സാന്പത്തികമാന്ദ്യമുണ്ടാകുമെന്ന് അന്ന് അദ്ദേഹം പ്രവചിച്ചു. “സാന്പത്തികവികസനം ലോകത്തെ അപകടത്തിലാക്കും’ എന്ന ആ പ്രബന്ധം അംഗീകരിക്കാൻ ആരും തയാറായില്ല.
മൂന്നു വർഷത്തിനുശേഷം 2008ൽ കടുത്ത സാന്പത്തിക പ്രതിസന്ധി അമേരിക്കയെ പിടിച്ചുലച്ചു. അന്ന് രാജന്റെ വാക്കുകൾ ചെവിക്കൊള്ളാത്ത സാന്പത്തിക വിദഗ്ധർക്ക് പിന്നീട് ദുഃഖിക്കേണ്ടിവന്നു.നൊബേൽ പട്ടികയിൽ മുൻനിര സ്ഥാനത്തുതന്നെയാണ് രാജൻ. പുരസ്കാരം ലഭിക്കാൻ സാധ്യതയുള്ള വ്യക്തിയും അദ്ദേഹംതന്നെ.