കൊച്ചി: ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രങ്ങളിൽനിന്നുള്ള വരുമാനത്തിൽ ഒരു രൂപ പോലും എടുക്കാൻ സർക്കാരിനു കഴിയില്ലെന്നും സർക്കാരല്ല ഇത്തരത്തിലുള്ള വരുമാനം കൈകാര്യം ചെയ്യുന്നതെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.
ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ വരുമാനവും ബോർഡിന്റെ മറ്റു വരുമാനവും ഖജനാവിലേക്ക് അടയ്ക്കുന്നില്ല. സംസ്ഥാനത്തെ ദേശസാത്കൃത ബാങ്കുകളിലെയും ഷെഡ്യൂൾഡ് ബാങ്കുകളിലെയും ബോർഡിന്റെ അക്കൗണ്ടുകളിലാണ് ഈ തുക നിക്ഷേപിക്കുന്നത്. ബോർഡിന്റെ വരുമാനത്തിലോ ചെലവിലോ സർക്കാർ ഇടപെടുന്നില്ല. എന്നാൽ ബജറ്റ് വിഹിതമായി 80 ലക്ഷം രൂപ പ്രതിവർഷം ബോർഡിന് നൽകുന്നുമുണ്ട്. കൂടാതെ ശബരിമല തീർഥാടകരുടെ ക്ഷേമത്തിനായി തുക ചെലവിടുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
ദേവസ്വം ബോർഡിന്റെ സാന്പത്തിക നേട്ടത്തിലാണു സർക്കാരിനു താല്പര്യമെന്ന ആരോപണം ആസൂത്രിതമായ അജണ്ടയുടെ ഭാഗമാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി എ. പത്മകുമാറിനെയും ബോർഡംഗമായി കെ.പി. ശങ്കരദാസിനെയും നിയമിച്ചതിനെതിരേ രാഹുൽ ഈശ്വർ നൽകിയ ഹർജിക്കു മറുപടിയായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.