ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വീണ്ടും രൂക്ഷ വിമർശനവും പരിഹാസവുമായി കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ലളിത് മോദിയെയും വിജയ് മല്യയെയും പോലെ വജ്രവ്യാപാരി നീരവ് മോദിയും വൻ തട്ടിപ്പു നടത്തിയ ശേഷം രാജ്യം വിട്ടപ്പോൾ രാജ്യത്തിന്റെ കാവൽക്കാരൻ എവിടെയായിരുന്നുവെന്ന് ’ഇന്ത്യയെ മോദി കൊള്ളയടിക്കുന്നു’ എന്ന ഹാഷ്ടാഗിൽ ട്വിറ്ററിലൂടെ രാഹുൽ ചോദിച്ചു.
അഴിമതി ചെയ്യില്ലെന്നും അഴിമതി നടത്താൻ ആരെയും അനുവദിക്കില്ലെന്നും (ന കഹൂംഗ, ന കഹൂനെ ദൂംഗ) രാജ്യത്തിന്റെ കാവൽക്കാരനാണ് (ചൗക്കിധാർ) താനെന്നും മോദി മുമ്പ് നടത്തിയ പ്രസ്താവനകളെ പരിഹസിച്ചായിരുന്നു രാഹുലിന്റെ ആക്രമണം. പ്രധാനമന്ത്രിയുടെ മൗനത്തിനു പിന്നിലെ രഹസ്യം അറിയാൻ രാജ്യം മുഴുവൻ കാത്തിരിക്കുകയാണ്. മോദിയുടെ കൂറ് ആരോടാണെന്നു വ്യക്തമാക്കുന്നതാണ് മൗനമെന്നും കോണ്ഗ്രസ് അധ്യക്ഷൻ ആരോപിച്ചു.
ആദ്യം ലളിത് മോദി. പിന്നെ വിജയ് മല്യ. ഇപ്പോൾ നീരവ് മോദിയും രാജ്യം വിട്ടു. അഴിമതി ചെയ്യില്ലെന്നും ആരേയും അഴിമതി നടത്താൻ അനുവദിക്കില്ലെന്നും പറഞ്ഞ രാജ്യത്തിന്റെ കാവൽക്കാരൻ എവിടെയാണ്? സാഹെബിന്റെ മൗനത്തിന്റെ കാരണം അറിയാൻ പൊതുജനങ്ങൾ കാത്തിരിക്കുകയാണ്. ആരോടാണ് അദ്ദേഹത്തിന് കൂറ് എന്നതു സ്വയം വിളിച്ചു പറയുന്നതാണ് അദ്ദേഹത്തിന്റെ മൗനം.- ഹിന്ദിയിലുള്ള ട്വിറ്റർ സന്ദേശത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.